വിദ്യാവാഹിനി പദ്ധതിയിൽ ഹയർ സെക്കൻഡറി വിദ്യാർഥികളെയും ഉൾപ്പെടുത്തണം: ടി. സിദ്ദിഖ് എംഎൽഎ
1339353
Saturday, September 30, 2023 1:04 AM IST
കൽപ്പറ്റ: വിദ്യാവാഹിനി പദ്ധതിയിൽ ഹയർ സെക്കൻഡറിയിലെ ഗോത്രവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളെയും ഉൾപ്പെടുത്താനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ടി. സിദ്ദിഖ് എംഎൽഎ പട്ടികജാതി പട്ടികവർഗ വികസന മന്ത്രിക്ക് നിവേദനം നൽകി. നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി നിരവധി ആദിവാസി കോളനികളുണ്ട്.
കോളനികളിൽ നിന്നുള്ള വിദ്യാർത്ഥികൾ സ്കൂളുകളിൽ പോകുന്നതിന് വാഹന സൗകര്യമില്ലാത്തിനാൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾ വിദ്യാവാഹിനി പദ്ധതി ഉപയോഗപ്പെടുത്തുന്നുണ്ട്.
എന്നാൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഈ പദ്ധതി പ്രകാരം വാഹന സൗകര്യം ലഭിക്കാത്തതിനാൽ മാസം തോറും 1000 രൂപയിലധികം ചെലവ് വരുന്നുണ്ട്. അതോടൊപ്പം തുടർ പഠനത്തിന് ഗോത്രവർഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് ഇതൊരു തടസമാണ്. കോളനികളിൽ നിന്നും സ്കൂളുകളിലേക്ക് പോകാൻ മടിക്കുന്ന കുട്ടികൾക്ക് വിദ്യാവാഹിനി പദ്ധതി വളരെ ഉപകാരപ്രദമാണ്.
കൂലിവേല എടുത്ത് നിത്യവൃത്തി നടത്തുന്ന ഗോത്രവർഗത്തിലുള്ളവർക്ക് ഹയർസെക്കൻഡറി സ്കൂളുകളിൽ പഠിക്കുന്ന മക്കളെ സ്കൂളുകളിലേക്ക് അയയ്ക്കാൻ സാധിക്കാത്ത സ്ഥിതിയാണ്.
പല കുട്ടികളും പഠനം നിർത്തേണ്ട അവസ്ഥയാണ്. പല കുട്ടികളും പഠനം പാതിവഴിയിൽ നിർത്തിയിട്ടുമുണ്ട്.
വാഹന സൗകര്യം ഇല്ലാത്ത ഹയർ സെക്കൻഡറി ഗോത്രവർഗ വിഭാഗത്തിലുള്ള കുട്ടികളുടെ വിവരങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി ശേഖരിച്ച് ഈ വിദ്യാർഥികളെക്കൂടി വിദ്യാവാഹിനി പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് എംഎൽഎ മന്ത്രിയോട് ആവശ്യപ്പെട്ടു.