ആദിവാസികളുടെ പേരിൽ വായ്പയെടുത്ത് തട്ടിപ്പ്: ടി. സിദ്ദിഖ് എംഎൽഎ നിവേദനം നൽകി
1338913
Thursday, September 28, 2023 1:20 AM IST
കൽപ്പറ്റ: ആദിവാസികളുടെ പേരിൽ വായ്പയെടുത്ത് തട്ടിപ്പ് നടത്തുന്നവർക്കെതിരേ അടിയന്തര നിയമ നടപടി ആവശ്യപ്പെട്ട് ടി. സിദ്ദിഖ് എംഎൽഎ പട്ടികജാതി-വർഗ വികസന മന്ത്രി കെ. രാധാകൃഷ്ണന് നിവേദനം നൽകി.
ജില്ലയിൽ ഗോത്ര വിഭാഗങ്ങളിലുള്ളവരെ കുരുക്കിലാക്കി വൻ സാന്പത്തിക തട്ടിപ്പാണ് നടക്കുന്നതെന്ന് നിവേദനത്തിൽ പറയുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽനിന്നു ആദിവാസികളുടെ പേരിൽ വായ്പയെടുത്ത് തുക കൈക്കലാക്കുകയും തിരിച്ചടവ് നടത്താതെയുമാണ് തട്ടിപ്പ്. ഇതിനകം അനേകം ആദിവാസികളാണ് തട്ടിപ്പിന് ഇരകളായത്.
ഗോത്രവർഗക്കാരുടെ ആധാർ കാർഡും തിരിച്ചറിയൽ കാർഡും ബയോമെട്രിക് വിവരങ്ങളും ശേഖരിച്ചാണ് വായ്പ തരപ്പെടുത്തുന്നത്. ധനകാര്യ സ്ഥാപനം വായ്പയായി അനുവദിക്കുന്നതിൽ ചെറിയ തുക മാത്രമാണ് ആദിവാസികൾക്കു ലഭിക്കുന്നത്.
ധനകാര്യ സ്ഥാപനങ്ങളുടെ രേഖകളിൽ ഗോത്ര വർഗവിഭാഗക്കാർക്കു മാത്രമാണ് വായ്പയിൽ ബാധ്യത. വായ്പ തിരിച്ചടവ് മുടങ്ങുകയും തട്ടിപ്പുനടത്തിയവർ മുങ്ങുകയും ചെയ്യുന്നതോടെ കോളനികളിൽ എത്തുന്ന ധനകാര്യ സ്ഥാപന പ്രതിനിധികൾ ആദിവാസികളുടെ സ്വാസ്ഥ്യം കെടുത്തുകയാണെന്നു നിവേദനത്തിൽ പറയുന്നു.
വിഷയം പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിന് ജില്ലാ പോലീസ് മേധാവിക്ക് നിർദേശം നൽകുമെന്ന് മന്ത്രി ഉറപ്പുനൽകിയതായി എംഎൽഎ പറഞ്ഞു.