റവന്യൂ പട്ടയ ഭൂമിയിലെ അനധികൃത മരം മുറി കർഷകരെ ആശങ്കയിലാക്കി റവന്യൂ നോട്ടീസ്
1338907
Thursday, September 28, 2023 1:20 AM IST
കൽപ്പറ്റ: റവന്യൂ പട്ടയഭൂമികളിൽനിന്നു 2020-21ൽ അനധികൃതമായി ഈട്ടിമരങ്ങൾ മുറിച്ചതുമായി ബന്ധപ്പെട്ട് കർഷകർക്ക് റവന്യൂ അധികൃതരുടെ നോട്ടീസ്. മരങ്ങളുടെ വില നിർണയ സർട്ടിഫിക്കറ്റ് വനം വകുപ്പ് ലഭ്യമാക്കിയ കേസുകളിലാണ് കേരള ലാൻഡ് കണ്സർവൻസി നിയമപ്രകാരം റവന്യൂ അധികൃതർ നോട്ടീസ് അയച്ചത്.
പട്ടയ ഭൂമിയിൽനിന്നു നിയമവിരുദ്ധമായി മുറിച്ച മരങ്ങളുടെ വിലയും ഇതിന്റെ മൂന്നിരട്ടിവരെ പിഴയും അടയ്ക്കണമെന്നാണ് നോട്ടീസിൽ. മുട്ടിൽ സൗത്ത് വില്ലേജിലെ കരിങ്കണ്ണിക്കുന്ന്, വാഴവറ്റ പ്രദേശങ്ങളിലുള്ള 30 ഓളം കർഷകർക്ക് കഴിഞ്ഞ ദിവസം നോട്ടീസ് ലഭിച്ചു.
നോട്ടീസ് പ്രകാരമുള്ള മരവിലയും പിഴയും അടയ്ക്കാൻ കഴിയാത്ത അവസ്ഥയിലാണ് കർഷകരെല്ലാംതന്നെ. അത്യാവശ്യങ്ങൾ മുൻനിർത്തിയാണ് പലരും മരങ്ങൾ വിറ്റത്. ഇവരിൽ ചിലർക്ക് അഡ്വാൻസ് മാത്രമാണ് ലഭിച്ചത്. നോട്ടീസ് പ്രകാരമുള്ള തുക എങ്ങനെ അടയ്ക്കുമെന്ന വ്യാകുലതയിലാണ് കർഷകർ.
റവന്യൂ അധികൃതരുടെ നടപടിയിൽ പ്രതിഷേധവുമായി കർഷക സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്. സർക്കാർ അനുമതിയുണ്ടെന്നു തെറ്റിദ്ധരിച്ചാണ് കർഷകർ റവന്യൂ പട്ടയഭൂമിയിലെ റിസർവ് മരങ്ങൾ വിറ്റതെന്നും അതിനാൽ കെഎൽസി നിയപ്രകാരമുള്ള നടപടികളിൽനിന്നു ഇവരെ ഒഴിവാക്കണമെന്നും വിവിധ കർഷക സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു.
റവന്യൂ പട്ടയഭൂമിയിലെ ഈട്ടികൾ മുറിക്കാൻ സർക്കാർ അനുമതിയുണ്ടെന്ന് മരം വ്യാപാരികളിൽ ചിലരാണ് കർഷകരെ തെറ്റിദ്ധരിപ്പിച്ചത്.
വൈത്തിരി താലൂക്കിൽ 61 ഉം ബത്തേരി താലൂക്കിൽ 14 ഉം അനധികൃത മരംമുറി കേസുകളാണ് റവന്യൂ വകുപ്പ് കണ്ടെത്തിയത്. രണ്ട് താലൂക്കുകളിലുമായി മുറിച്ചതിൽ 186 മരങ്ങൾ വനം വകുപ്പ് കസ്റ്റഡിയിലെടുത്ത് കുപ്പാടി വനം വകുപ്പ് ഡിപ്പോയിലേക്ക് മാറ്റുകയുണ്ടായി.
ഡിപ്പോയിൽ എത്തിക്കാൻ കഴിയാത്ത മരങ്ങൾ കച്ചിട്ടീൽ എൽപ്പിച്ചു. അനധികൃതമായി മരങ്ങൾ മുറിച്ചതിന് റവന്യൂ വകുപ്പ് കെഎൽസി കേസുകൾ എടുത്ത് കക്ഷികൾക്ക് നോട്ടീസ് നൽകി വിചാരണ നടത്തിയിരുന്നു.
വനം വകുപ്പ് നേരത്തേ 42 കേസുകളിൽ വില നിർണയ സർട്ടിഫിക്കറ്റ് ലഭ്യമാക്കിയിരുന്നു. ഇതിൽ 38 കേസുകൾ വൈത്തിരി താലൂക്കിലും നാലു കേസ്സുകൾ ബത്തേരി താലൂക്കിലുമാണ്. വൈത്തിരി താലൂക്കിലെ 38 കേസുകളിൽ വില നിർണയ സർട്ടിഫിക്കറ്റ് 2023 ജനുവരി 31നാണ് വനം വകുപ്പ് ലഭ്യമാക്കിയത്.
ഓരോ കേസിലെയും സർവേ നന്പറുകളും ഭൂവുടമയുടെ വിലാസവും മരങ്ങളുടെ വിവരങ്ങളും പ്രത്യേകം നൽകുന്നതിന് പകരം ചില കേസുകളിൽ വിവരങ്ങൾ ഒന്നിച്ചാണ് നൽകിയത്.
ഇത് ഓരോ കേസിലും പ്രത്യേകം പിഴ ചുമത്തുന്നതിന് വിഘാതമായി. ഈ സാഹചര്യത്തിൽ ഓരോ കേസിലും മരവില പ്രത്യേകം നിർണയിക്കുന്നിതിനും കക്ഷികളുടെ പേരും വിലാസവും വ്യക്തമാക്കുന്നതിനും റവന്യൂ അധികൃതർ ബന്ധപ്പെട്ട വനം ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിരുന്നു.
വില നിർണയ സർട്ടിഫിക്കറ്റ് ലഭ്യമായതിൽ അപാകത ഇല്ലെന്ന് കണ്ടെത്തിയ ബത്തേരി താലൂക്കിലെ നാല് കേസുകളിൽ പിഴ ചുമത്തി നേരത്തേ ഉത്തരവായിയിരുന്നു.