കടുവാക്കുഴി പന്പ് ഹൗസിൽ ജോലി ചെയ്യാൻ ജീവൻ പണയം വയ്ക്കണം
1337929
Sunday, September 24, 2023 12:42 AM IST
കൽപ്പറ്റ: സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിലെയും നൂൽപ്പുഴ, മുട്ടിൽ പഞ്ചായത്തുകളിലെയും കുടിവെള്ള വിതരണത്തിനു വാട്ടർ അഥോറിറ്റിക്കു കീഴിലുള്ള പുതിയ പദ്ധതിയുടെ ഭാഗമായ കടുവാക്കുഴി ബൂസ്റ്റർ പന്പ്ഹൗസിന്റെ നിർമാണത്തിൽ അടിമുടി അപാകം.
നിർമാണത്തിലെ പിഴവുകളും നിയമ ലംഘനങ്ങളും ഇവിടെ പ്രകടമാണെന്ന് കേരള വാട്ടർ അഥോറിറ്റി എംപ്ലോയീസ് യൂണിയൻ(സിഐടിയു) പ്രവർത്തകർ പറയുന്നു.
കാരാപ്പുഴ ശുദ്ധജല വിതരണ പ്ലാന്റിന്റെ ക്ലിയർ വാട്ടർ ടാങ്കിൽനിന്നു പന്പിംഗിനു ഉപയോഗിക്കുന്നത് 125 കുതിരശക്തിയുടെ മൂന്നു മോട്ടോറുകളാണ്. ഇതേ കുതിരശക്തിയുള്ള മോട്ടറാണ് അടുത്ത ബൂസ്റ്റർ പന്പിംഗ് സ്റ്റേഷനായ കടുവാക്കുഴിയിൽ വയ്ക്കേണ്ടത്.
എന്നാൽ അവിടെ 100 കുതിരശക്തിയുടെ മോട്ടോർ ആണ് ഉപയോഗിക്കുന്നത്. ഇത് ക്യത്യമായ പന്പിംഗിനു വിഘാതമാകുന്നതിനുപുറമേ ഊർജ നഷ്ടത്തിനും ഇടയാക്കുകയാണ്. പന്പ് ഹൗസിൽ ആറ് മോട്ടോറുകൾ ടെസ്റ്റ് നടത്താതെ ലോക്കൽ വച്ചിട്ടുണ്ട്.
മോട്ടോറുകൾ ടെസ്റ്റ് ചെയ്യാൻ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥൻ ഇതിനായി കന്പനിയിൽ പോയെന്നു പറയുന്ന ദിവസം ഓഫീസ് ഹാജർ പുസ്തകത്തിൽ ഒപ്പുപതിച്ചിട്ടുണ്ട്. ബൂസ്റ്റർ പന്പ് ഹൗസിൽ ജല ശുദ്ധീകരണം കൃത്യമായി നടക്കുന്നില്ല. ഷട്ടറുകൾ കൃത്യമായി ഉറപ്പിക്കാത്തതിനാൽ ശുചീകരണ പ്ലാന്റിലെ വെള്ളം ചോർന്ന് ശുദ്ധജലത്തിൽ കലരുകയാണ്. ഫ്ളാക്സ് മിക്സർ ഫാൻ അടർന്നു വീണ അവസ്ഥയിലാണ്. ക്ലാരിഫയർ ഫാനുകളിൽ ഒന്ന് പ്രവർത്തിക്കുന്നില്ല. ചളി തള്ളുന്നതിനുള്ള ബ്ലേഡിന് പകരം ചവിട്ടി റബർ കെട്ടിവച്ചിരിക്കയാണ്.
കഴിഞ്ഞ ദിവസം കടുവാക്കുഴി പന്പ്ഹൗസിൽ എൻആർവി പൊട്ടിത്തകർന്ന് ജീവനക്കാരന് പരിക്കേറ്റിരുന്നു. പന്പ്ഹൗസ് വെള്ളത്തിലായി ജല മർദത്തിൽ മറിഞ്ഞുവീണ ജീവനക്കാരൻ സ്വന്തം ജീവൻ പണയപ്പെടുത്തിയാണ് മോട്ടോർ ഓഫ് ചെയ്തത്. തലനാരിഴക്കാണ് അദ്ദേഹം രക്ഷപ്പെട്ടത്. നിർമാണത്തിലെ അപാകതകൾ പദ്ധതി കമ്മീഷൻ ചെയ്യുന്നതിനുമുന്പേ വാട്ടർ അഥോറിറ്റി പ്രോജക്ട് ഡിവിഷനെ ധരിപ്പിക്കുകയും ഉത്തര മേഖല സിഇ, എസ്സി അടക്കം ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി കൊടുത്തതുമാണ്.
2022 മേയ് ഒന്നിനാണ് പദ്ധതിയുടെ ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്തത്. അന്നു പരാതി കൊടുത്തപ്പോൾ പരിഹരിക്കാമെന്ന് ഉറപ്പുലഭിച്ചു. എന്നാൽ വർഷം ഒന്ന് കഴിഞ്ഞിട്ടും പരാതിക്കു പരിഹാരമായില്ല. മൂന്ന് ഷിഫ്റ്റ് പന്പിംഗുള്ള കടുവാക്കുഴിയിൽ ജീവനക്കാരന് പ്രാഥമികാവശ്യം നിറവേറ്റുന്നതിനു സൗകര്യമില്ല.
പന്പ് ഹൗസിലേക്ക് സഞ്ചാരയോഗ്യമായ വഴിയില്ല. പന്പ് ഹൗസിൽനിന്നു മെയിൻ റോഡിലേക്ക് ഇന്റർലോക്ക് ചെയ്ത വഴിയുണ്ടെങ്കിലും പ്രയോജനമില്ല. ഇന്റർലോക്ക് ചെയ്ത വഴി പ്രധാന റോഡിന് ഒന്നര മീറ്റർ ഉയരത്തിലാണ്. ഇവിടെന്നു റോഡിലേക്ക് ചാടേണ്ട അവസ്ഥയാണ്. മോട്ടോർ തകരാറിലായാൽ അഴിച്ച് റോഡിൽ എത്തിക്കാൻ സൗകര്യമില്ല. മോട്ടോർ ഓണ് ചെയ്ത് മാറിയിരിക്കാൻ സുരക്ഷിതമായ റസ്റ്റ് റൂം ഇല്ല. മോട്ടോർ ഓണ് ചെയ്തതിനുശേഷം പുറത്ത് കസേരയിലാണ് ഓപ്പറേറ്റർ ഇരിക്കുന്നത്.
പരാതികൾ പരിഹരിച്ചതിനുശേഷമേ ജല വിതരണ പദ്ധതി ബത്തേരി ഡിവിഷൻ ഏറ്റെടുക്കൂവെന്ന് എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചതാണ്. മുകൾത്തട്ടിൽനിന്നുള്ള സമ്മർദത്തെത്തുർന്നാണ് സ്കീം ബത്തേരി ഡിവിഷന് ഏറ്റെടുക്കേണ്ടി വന്നത്. കാരാപ്പുഴ പ്ലാന്റിലെയും കടുവാക്കുഴി ബൂസ്റ്റർ പന്പ് ഹൗസിലെയും നിർമാണത്തിലെ അപാകതകൾ വിജിലൻസ് അന്വേഷണത്തിനു വിധേയമാക്കണമെന്ന് കേരള വാട്ടർ അഥോറിറ്റി എംപ്ലോയീസ് യൂണിയൻ(സിഐടിയു) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.