ജില്ലാ പഞ്ചായത്ത് പ്രീ നീറ്റ്, കിം സ്കോളർഷിപ്പ് പദ്ധതി നടപ്പാക്കും
1337258
Thursday, September 21, 2023 7:57 AM IST
കൽപ്പറ്റ: ജില്ലയിലെ ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രീ നീറ്റ്, കീം സ്കോളർഷിപ്പ് പരീക്ഷ നടത്തും. എൻട്രൻസ് പരീക്ഷകൾക്ക് മുന്നോടിയായി വിദ്യാർഥികൾക്ക് പ്രീ ടെസ്റ്റ് നടത്തുകയും അർഹരായ വിദ്യാർഥികൾക്ക് സൗജന്യമായി ക്രാഷ് കോഴ്സുകൾ നൽകുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.
നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് മീനങ്ങാടിയിൽ പ്രവർത്തിക്കുന്ന ജില്ലാ പഞ്ചായത്ത് ഘടകസ്ഥാപനമായ ഇൻഫർമേഷൻ ടെക്നോളജി ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുക.
നിലവിൽ ഐടിടിഐയിൽ വിദ്യാർഥികൾക്ക് ട്യൂഷനും എൻട്രൻസ് കോച്ചിംഗ്, സിഎ ഫൗണ്ടേഷൻ കോഴ്സും നടക്കുന്നുണ്ട്. പിഎസ്സി കോച്ചിംഗ്, എഐ പോലുള്ള പുതിയ നൂതന സാങ്കേതികവിദ്യ പരിചയപ്പെടുത്തുന്ന കോഴ്സുകളും ആരംഭിക്കും.
വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി ’ജികെ ഇനി ശീലമാക്കാം’ എന്ന പുതിയ പദ്ധതി ആരംഭിക്കുകയും ചെയ്തു. സ്ഥാപനത്തിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഉഷാതന്പി, സീതാവിജയൻ, ജുനൈദ് കൈപ്പാണി, അംഗങ്ങളായ മീനാക്ഷി രാമൻ, ബീന ജോസ്, അമൽ ജോയ്, ബിന്ദു പ്രകാശ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. പ്രദീപൻ, ഹയർസെക്കൻഡറി ജില്ലാ കോഓഡിനേറ്റർ ഷിവി കൃഷ്ണൻ, വിദ്യാഭ്യാസ വകുപ്പ് ജൂണിയർ സൂപ്രണ്ട് ശ്രീജിത്ത്, ഐടിടിഐ അഡ്മിനിസ്ട്രേർ കെ.ജെ. അജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.