കൽപ്പറ്റ: കാർബണ്‍ തുലിത പ്രവർത്തനങ്ങൾക്ക് ദേശീയ പുരസ്കാരം നേടിയ മീനങ്ങാടി പഞ്ചായത്ത് രണ്ടാം വാർഡിലെ അമ്മായിക്കവലയിൽ പരിസ്ഥിതിയെ മറന്ന് കരിങ്കൽ ഖനനത്തിനു അനുമതി നൽകി.
പുറക്കാടി വില്ലേജിൽപ്പെടുന്ന മരത്തിയന്പംകുന്ന്, കണിയാംകുന്ന്, അപ്പാട് എസ്റ്റേറ്റുകുന്ന് എന്നിവയുടെ അടിവാരത്തുള്ള വയലും വയൽക്കരയും ഉൾപ്പെടുന്ന പ്രദേശത്താണ് സ്വകാര്യവ്യക്തി ഖനനാനുമതി നേടിയത്. കഴിഞ്ഞ ഫെബ്രുവരി 28നാണ് പഞ്ചായത്ത് ക്വാറി ലൈസൻസ് അനുവദിച്ചത്.
സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അഥോറിറ്റി, മൈനിംഗ് ആൻഡ് ജിയോളജി, റവന്യു, പോലീസ്, ഫോറസ്റ്റ്, എക്സൈസ്, എക്സ്പ്ലോസീവ് ലൈസൻസുകൾ നേരത്തേ കരഗതമാക്കിയാണ് പഞ്ചായത്ത് ലൈസൻസും സ്വകാര്യ വ്യക്തി നേടിയത്. ഈ വിവരം സമീപകാലത്താണ് പ്രദേശവാസികൾ അറിഞ്ഞത്.
പാരിസ്ഥിതിക പ്രാധാന്യമുള്ള അമ്മായിക്കവലയിൽ കരിങ്കൽ ഖനനം ആരംഭിക്കുന്നതിനെതിരേ നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയർപേഴ്സണുമായ ജില്ലാ കളക്ടർക്കും സംസ്ഥാന സർക്കാരിനും പരാതി നൽകിയിട്ടുണ്ട്. ക്വാറി പ്രവർത്തനം തടയുന്നതിനു ഉതകുന്ന നടപടി ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി സ്വീകരിക്കുന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് ആക്ഷൻ കമ്മിറ്റി തീരുമാനം.
കബനി നദിയിൽ ചേരുന്ന പ്രധാന ഉറവകളിൽ ഒന്നിന്റെ ഉദ്ഭവസ്ഥാനമാണ് അമ്മായിക്കവലയെന്ന് ആക്ഷൻ കമ്മിറ്റി ചെയർമാൻ എൻ.എസ്. അഖിലേഷ്, കണ്‍വീനർ ടി.ആർ. രാജീവ്, അംഗങ്ങളായ സുകുമാരൻ അന്പിളിയിൽ, സൗമ്യ ജിതിൻ, പി.കെ. ബാബു രാജേന്ദ്രൻ എന്നിവർ വയനാട് പ്രകൃതി സംരക്ഷണ സമിതി സെക്രട്ടറി തോമസ് അന്പലവയലിനൊപ്പം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സ്ഥല സന്ദർശനം, പരിസ്ഥിതി ആഘാത പഠനം, പബ്ലിക് ഹിയറിംഗ് എന്നിവ നടത്താതെയാണ് സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അഥോറിറ്റി അമ്മായിക്കുന്നിൽ ഖനനത്തിന് അനുമതി നൽകിയതെന്ന് അവർ ആരോപിച്ചു. 2018നും 2021നും ഇടയിലാണ് ഖനനത്തിന് പഞ്ചായത്തിന്റേത് ഒഴികെ ലൈസൻസുകൾ സ്വകാര്യ വ്യക്തി നേടിയത്.
വയലും വയൽക്കരയും കുഴിച്ചുള്ള കരിങ്കൽ ഖനനം അമ്മായിക്കവലയിലെ നീരുറവ ഇല്ലാതാക്കും. ഇത് പ്രദേശത്ത് കുടിവെള്ള ക്ഷാമത്തിനു കാരണമാകും.
കണിയാംകുന്ന്, ആലിലക്കുന്ന്, അപ്പാട് കുടിവെള്ള പദ്ധതികളെ ഖനനം ബാധിക്കും. പുറക്കാടി മുതൽ വരദൂർ വരെ പാടങ്ങളിൽ കൃഷി നടത്താൻ കഴിയാത്ത സാഹചര്യം സംജാതമാകും. ഖനനം സമീപത്തെ കുന്നുകളിൽ മണ്ണിടിച്ചിലിനു വഴിയൊരുക്കും. ക്വാറിയിൽനിന്നുള്ള പ്രകന്പനങ്ങൾ പരിസരത്തെ വീടുകളുടെ സുരക്ഷ അപകടത്തിലാക്കും.
പൊടിപടലം പ്രദേശവാസികളെ രോഗികളാക്കും. ഇതെല്ലാം പഞ്ചായത്ത് അധികൃതരും മറ്റും കാണാതെപോയത് ദൗർഭാഗ്യകരമാണെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.