തിരുനെല്ലിയിൽ ‘മഞ്ഞൾ ഗ്രാമം’ പദ്ധതി തുടങ്ങി
1301451
Friday, June 9, 2023 11:44 PM IST
കാട്ടിക്കുളം: തിരുനെല്ലി പഞ്ചായത്തിൽ മഞ്ഞൾ ഗ്രാമം പദ്ധതി തുടങ്ങി. കുടുംബശ്രീ ജില്ലാ മിഷൻ, തിരുനെല്ലി വന്ദൻ വികാസ് കേന്ദ്ര, തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതി, തിരുനെല്ലി പഞ്ചായത്ത് സിഡിഎസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തിലെ എല്ലാ വാർഡിലും കുറഞ്ഞത് ഒരേക്കേർ മഞ്ഞൾ കൃഷി നടത്തി ആദിവാസി സ്ത്രീകളുടെ വരുമാനം വർധിപ്പിക്കുകയാണ് ലക്ഷ്യം.
ആദിവാസി ഭാഷയിൽ ’മഞ്ചളു ഗ്രാമം’ എന്ന് പേരിട്ട പദ്ധതിയുടെ ഉദ്ഘാടനം ചേലൂർ നേതാജി കോളനിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ടി. വത്സലകുമാരി നിർവഹിച്ചു. പഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സണ് പി. സൗമിനി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ പി. ബാലസുബ്രഹ്മണ്യൻ മുഖ്യപ്രഭാഷണം നടത്തി.
തിരുനെല്ലി ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് റുഖിയ സൈനുദ്ദീൻ, അസിസ്റ്റന്റ് ഡിസ്ട്രിക്ട് മിഷൻ കോ ഓർഡിനേറ്റർമാരായ വി.കെ. റെജീന, കെ.എം. സെലീന, സ്പെഷൽ പ്രൊജക്ട് കോ ഓർഡിനേറ്റർ സായി കൃഷ്ണൻ, സ്പെഷൽ പ്രൊജക്ട് അസിസ്റ്റന്റ് കോ ഓർഡിനേറ്റർ യദു കൃഷ്ണൻ, ജഐൽജി അംഗങ്ങൾ, ഗ്രാമസമിതി അംഗങ്ങൾ, കുടുംബശ്രി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.