ദിവസവേതനം: മുഖം തെളിയാതെ തോട്ടം തൊഴിലാളികൾ
1299981
Sunday, June 4, 2023 7:38 AM IST
കൽപ്പറ്റ: 17 മാസത്തെ ഇടവേളയ്ക്കുശേഷം സേവന-വേതന കരാർ പുതുക്കിയെങ്കിലും മുഖം തെളിയാതെ തോട്ടം തൊഴിലാളികൾ. കൂലി നാമമാത്രമായി വർധിപ്പിച്ചതിൽ അതൃപ്തരാണ് തോട്ടം തൊഴിലാളി സമൂഹം. കഴിഞ്ഞ ദിവസം ചേർന്ന പ്ലാന്റേഷൻ ലേബർ കമ്മിറ്റി യോഗം ദിവസക്കൂലിയിൽ 41 രൂപയുടെ വർധവാണ് തീരുമാനിച്ചത്. ഇതനുസരിച്ച് തൊഴിലാളികൾക്കു 473.60 രൂപയാണ് ദിവസക്കൂലി.
കൂലി 500 രൂപയെങ്കിലുമാക്കണമെന്ന് പിഎൽസി യോഗത്തിൽ ഐഎൻടിയുസിയും എസ്ടിയുവും ഉൾപ്പെടെ ചില ട്രേഡ് യൂണിയനുകളുടെ പ്രതിനിധികൾ ശക്തമായി നിർദേശിച്ചെങ്കിലും ഫലം ഉണ്ടായില്ല. ദിവസവേതനം 700 രൂപയാക്കണമെന്നാണ് ട്രേഡ് യൂണിയനുകൾ നേരത്തേ ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞ മാസം ചേർന്ന പിഎൽസി യോഗത്തിൽ കൂലി 25 രൂപ വർധിപ്പിക്കാമെന്ന നിലപാടാണ് തോട്ടം മാനേജ്മെന്റ് പ്രതിനിധികൾ സ്വീകരിച്ചത്. ജില്ലയിലെ തോട്ടം തൊഴിലാളികളിൽ 60 ശതമാനത്തിലധികവും സ്ത്രീകളാണ്. 2021 ഡിസംബർ 31ന് അവസാനിച്ചതാണ് തോട്ടം തൊഴിലാളികളുടെ മുൻ സേവന-വേതന കരാർ കാലാവധി. എങ്കിലും കൂലി വർധനവിനു 2023 ജനുവരി മുതലാണ് പ്രാബല്യം. ഫലത്തിൽ വർധിപ്പിച്ച നിരക്കിലുള്ള 12 മാസത്തെ കൂലിയും തൊഴിലാളികൾക്കു നഷ്ടമായി. കൂലി നാമമാത്രമായി വർധിപ്പിക്കുന്നതിലും നാലു മാസത്തെ മാത്രം മുൻകാല പ്രാബല്യം അനുവദിക്കുന്നതിലും പിഎൽസി യോഗത്തിൽ പങ്കെടുത്ത ഐഎൻടിയുസി പ്രതിനിധികളായ പി.പി. ആലി, പി.ജെ. ജോയ്, എ.കെ. മണി എന്നിവർ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.
തങ്ങളെ മാനേജ്മെന്റുകൾക്കു അടിയറവയ്ക്കുന്ന തീരുമാനമാണ് പിഎൽസി യോഗത്തിൽ ഉണ്ടായതെന്ന വികാരമാണ് തോട്ടം തൊഴിലാളികളിൽ പൊതുവെ. പുതുക്കിയ കൂലി തോട്ടം തൊഴിലാളി കുടുംബങ്ങളുടെ ദൈനംദിന ജീവിതത്തിനു പര്യാപ്തമല്ലെന്നു മലബാർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി ബി. സുരേഷ്ബാബു പറഞ്ഞു. നിത്യോപയോഗസാധനങ്ങളുടേതടക്കം വില നിത്യേന വർധിക്കുന്ന സാഹചര്യത്തിൽ തോട്ടം തൊഴിലാളി കുടുംബങ്ങളുടെ ജീവിതനിലവാരത്തിൽ നേരിയ ഉയർച്ച സാധ്യമാക്കാൻപോലും പുതിയ നിരക്കിലുള്ള കൂലി ഉതകില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തോട്ടം മേഖലയിലെ ട്രേഡ് യൂണിയനുകൾ മാസങ്ങളായി സമരമുഖത്തായിരുന്നു. കൂലി വർധിപ്പിച്ച കരാർ പുതുക്കണമെന്നതിനു പുറമേ പാർപ്പിട പദ്ധതി നടപ്പാക്കുക, പാടികളുടെ അറ്റകുറ്റപ്പണി നടത്തുക, ചികിത്സാ ആനുകൂല്യം യഥാസമയം നൽകുക, പാടികളിൽ ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുക, പിരിഞ്ഞുപോകുന്ന തൊഴിലാളികൾക്കു ഗ്രാറ്റ്വിറ്റി യഥാസമയം നൽകുക തുടങ്ങിയവയും സമരാവശ്യങ്ങളായിരുന്നു.
പ്ലാന്റേഷൻ ലേബർ കമ്മിറ്റി യോഗത്തിൽ സബ് കമ്മിറ്റി രൂപീകരിച്ചതായി പിഎൽസി അംഗവും ഐഎൻടിയുസി ജില്ലാ പ്രസിഡന്റുമായ പി.പി. ആലി പറഞ്ഞു. തൊഴിലാളികളുടെ അധ്വാനഭാരം, തൊഴിലാളികളുടെയും മാനേജ്മെന്റുകളുടെയും പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങൾ സബ് കമ്മിറ്റി പരിശോധിക്കും. തോട്ടം മേഖലയിലുള്ള മുഴുവൻ അംഗീകൃത ട്രേഡ് യൂണിയനുകളുടെയും ഓരോ പ്രതിനിധികൾ ഉൾപ്പെടുന്നതാണ് സബ് കമ്മിറ്റി.