തോട്ടം തൊഴിലാളികളുടെ കൂലി വർധന അപര്യാപ്തം: ഐഎൻടിയുസി
1299595
Saturday, June 3, 2023 12:11 AM IST
കൽപ്പറ്റ: പിഎൽസി യോഗത്തിൽ നാമമാത്രമായ കൂലി വർധന മാത്രം നടപ്പാക്കി തോട്ടം മുതലാളിമാർക്കും മാനേജ്മെന്റുകൾക്കും തൊഴിലാളികളെ അടിയറ വയ്ക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചതെന്ന് ഐഎൻടിയുസി കുറ്റപ്പെടുത്തി.
കൂലി വർധന നടപ്പാക്കേണ്ട കാലാവധി കഴിഞ്ഞ് 17 മാസം പിന്നിട്ടിട്ടും കൂലി വർധന നടപ്പാക്കാത്ത സർക്കാർ മാനേജ്മെന്റ് നയങ്ങളിൽ പ്രതിഷേധിച്ചു പ്രതിഷേധ സമരങ്ങൾ നടന്നിട്ടും കഴിഞ്ഞദിവസം നടന്ന പിഎൽസി യോഗത്തിലാണ് നാമമാത്ര കൂലി വർധന നടപ്പാക്കിയത്.
തൊഴിലാളി പാർട്ടി എന്ന് അവകാശപ്പെടുന്ന പാർട്ടികളുടെ തൊഴിലാളി യൂണിയനുകളായ സിഐടിയുവും എഐടിയുസിയും പിഎൽസി തീരുമാനത്തിനെതിരേ പ്രതിഷേധിക്കാൻ തയാറായില്ല.
സർക്കാർ പ്രഖ്യാപിച്ച 600 രൂപ കൂലി ആവശ്യപ്പെട്ടു നാമമാത്രമായ വർധനയ്ക്കെതിരേ ഐഎൻടിയുസി, എസ്ടിയു ഉൾപ്പെടെയുള്ള വിവിധ വിവിധ തൊഴിലാളി സംഘടനകൾ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിട്ടും 41 രൂപ മാത്രം വർധിപ്പിച്ച തീരുമാനത്തെ സ്വാഗതം ചെയ്യുന്ന നിലപാടാണ് സിഐടിയുവും എഐടിയുസിയും കൈക്കൊണ്ടത്. ഐഎൻടിയുസി പ്രതിനിധികളായി പങ്കെടുത്ത ഐഎൻടിയുസി ജില്ലാ പ്രസിഡന്റും പിഎൽസി അംഗവുമായ പി.പി. ആലി, പി.ജെ. ജോയ്, എ.കെ. മണി തുടങ്ങിയവർ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി.
തോട്ടം തൊഴിലാളികൾക്കും 600 രൂപ വേതനത്തിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് പിഎൽസി യോഗത്തിൽ ആവശ്യപ്പെട്ടെന്നും അത് നടപ്പാക്കാൻ സർക്കാർ ഇടപെടണമെന്നും ഐഎൻടിയുസി ജില്ലാ പ്രസിഡന്റും പിഎൽസി അംഗവുമായ പി.പി. ആലി ആവശ്യപ്പെട്ടു.