പുൽപ്പള്ളി ബാങ്ക് വായ്പ തട്ടിപ്പ്: വിജിലൻസ് കേസിൽ പത്ത് പ്രതികൾ
1299587
Saturday, June 3, 2023 12:11 AM IST
കൽപ്പറ്റ: പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട വിജിലൻസ് കേസിൽ 10 പ്രതികൾ.
ബാങ്ക് മുൻ പ്രസിഡന്റും ഇന്നലെ രാജിവച്ച കെപിസിസി ജനറൽ സെക്രട്ടറിയുമായ കെ.കെ. ഏബ്രഹാമാണ് ഒന്നാം പ്രതി. ബാങ്ക് മുൻ സെക്രട്ടറി കെ.ടി. രമാദേവി, ഡയറക്ടർമാരായിരുന്ന ടി.എസ്. കുര്യൻ, ബിന്ദു തങ്കപ്പൻ, സുജാത ദിലീപ്, വി.എം. പൗലോസ്, മണി പാന്പനാൽ, സി.വി. വേലായുധൻ, ബാങ്ക് വായ്പ വിഭാഗം മേധാവിയായിരുന്ന പി.യു. തോമസ്, വായ്പ ഇടപാടുകളിൽ ഇടനിലക്കാരനായിരുന്ന കൊല്ലപ്പള്ളി സജീവൻ എന്നിവരാണ് മറ്റു പ്രതികൾ. കേസ് അന്വേഷണം തുടങ്ങി നാലു വർഷത്തിനുശേഷമാണ് വിജിലൻസ് വയനാട് യൂണിറ്റ് ഇന്നലെ തലശേരി വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
ബാങ്കിൽ ഏകദേശം എട്ടു കോടി രൂപയുടെ വായ്പ തട്ടിപ്പ് നടന്നതാണ് വിജിലൻസ് കണ്ടെത്തൽ. 2019ൽ അന്വേഷണം പൂർത്തിയായിട്ടും ഇതുവരെ കുറ്റപത്രം സമർപ്പിക്കാത്തതിനു പിന്നിൽ രാഷ്ട്രീയ ഇടപെടലുകളാണെന്നു ആരോപണം ഉയർന്നിരുന്നു. പണയവസ്തുവിന്റെ യഥാർഥ മൂല്യത്തിന്റെ അനേകം മടങ്ങ് തുക വായ്പ അനുവദിച്ചായിരുന്നു തട്ടിപ്പ്.
അപേക്ഷകന്റെ പേരിൽ അനുവദിക്കുന്ന വായ്പയുടെ സിംഹഭാഗം ബാങ്ക് ഡയറക്ടർമാരുടെയും മറ്റും കൈകളിലാണ് എത്തിയത്. തട്ടിപ്പുപണത്തിൽ 1.2 കോടി രൂപ കൊല്ലപ്പള്ളി സജീവന്റെ അക്കൗണ്ടിൽ എത്തിയതായി വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. വിജിലൻസ് കേസിൽ ഉൾപ്പെട്ട ഏബ്രഹാം, രമാദേവി എന്നിവർ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ടു 2022 ഒക്ടോബറിൽ പുൽപ്പള്ളി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കഴിഞ്ഞ ദിവസം റിമാൻഡിലായിരുന്നു.