ഹരിതകർമസേന പേപ്പർ ബാഗ് നിർമാണ യൂണിറ്റ് ആരംഭിച്ചു
1297606
Saturday, May 27, 2023 12:18 AM IST
എടവക: അധികവരുമാനം ഉറപ്പുവരുത്തുന്നതിനും പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനും എടവക പഞ്ചായത്ത് ഹരിത കർമ സേനയുടെ നേതൃത്വത്തിൽ ’ഹരിതപ്രിയം’ പേപ്പർ ബാഗ് നിർമാണ യൂണിറ്റ് ആരംഭിച്ചു. പഞ്ചായത്തിന്റെ സാന്പത്തിക സഹായത്തോടെ ആരംഭിച്ച യൂണിറ്റിന്റെ ഉദ്ഘാടനവും പേപ്പർ ബാഗ് നിർമാണ യന്ത്രത്തിന്റെ സ്വിച്ച്ഓണ്‍ കർമവും പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ് നിർവഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീറ ശിഹാബ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ പി.കെ. ബാലസുബ്രഹ്മണ്യൻ മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശിഹാബ് ആയാത്ത് ആദ്യവിൽപ്പന നടത്തി.
നിർവഹണ ഉദ്യോഗസ്ഥനായ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ വി.എം. ഷൈജിത് പദ്ധതി വിശദീകരിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ജൻസി ബിനോയി, വാർഡ് അംഗം ഉഷ വിജയൻ, ലത വിജയൻ, വിനോദ് തോട്ടത്തിൽ, അഹമ്മദുകുട്ടി ബ്രാൻ, ഷറഫുന്നീസ, സിഡിഎസ് ചെയർപേഴ്സണ്‍ പ്രിയ വീരേന്ദ്രകുമാർ, ഹരിത കർമ സേന പ്രസിഡന്റ് നിഷ ജോർജ് എന്നിവർ പ്രസംഗിച്ചു.
പ്ലാസ്റ്റിക് സഞ്ചികൾക്കുപകരം പേപ്പർ ബാഗുകളും തുണിസഞ്ചികളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് വനിതാ ഘടകപദ്ധതിയിൽ സംരംഭത്തിനു സഹായധനം അനുവദിച്ചത്.