പോലീസിനെ ആക്രമിച്ച കവർച്ചക്കേസ് പ്രതിയുടെ കാലിന് വെടിവച്ചു
1297604
Saturday, May 27, 2023 12:18 AM IST
ഗൂഡല്ലൂർ: പോലീസിനെ ആക്രമിച്ച മോഷണ സംഘാംഗത്തെ കാലിനു വെടിവച്ച് കീഴ്പ്പെടുത്തി. പുൽപ്പള്ളി സ്വദേശി സാന്പാർ മണിയെന്ന ബിജേഷിനാണ്(45)വെടിയേറ്റത്. ഇന്നലെ പുലർച്ചെ നെല്ലാക്കോട്ട കുന്ദലാടിയിൽ മദ്യഷാപ്പ് കുത്തിത്തുറന്ന് മോഷണം നടത്താനുള്ള ശ്രമത്തിനിടെയാണ് സംഭവം. ആക്രമിച്ച ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് ബിജേഷിനുനേരേ നിറയൊഴിച്ചത്.
പരിക്കേറ്റ ഇയാളെ ഊട്ടി ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മോഷണ സംഘത്തിലുണ്ടായിരുന്ന രണ്ടു പേർ ഓടി രക്ഷപ്പെട്ടു.
മാസങ്ങൾ മുന്പ് ഗൂഡല്ലൂർ കാളംപുഴയിൽ മദ്യഷാപ്പ് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ പ്രതിയാണ് ബിജേഷ്. പാട്ടവയൽ കൊട്ടാട് സ്വദേശിയായ ഇയാൾ പുൽപ്പള്ളിക്കു താമസം മാറ്റുകയായിരുന്നു. ജില്ലാ പോലീസ് മേധാവി ഡോ.കെ. പ്രഭാകരൻ, ആർഡിഒ മുഹമ്മദ് ഖുദ്റത്തുല്ല തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ചു.