കാര്യന്പാടി സെന്റ് ജോർജ് ദേവാലയത്തിൽ സുവർണ ജൂബിലി സമാപനം നാളെ
1297602
Saturday, May 27, 2023 12:18 AM IST
കൽപ്പറ്റ: കാര്യന്പാടി സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ സുവർണ ജൂബിലി ആഘോഷം സമാപനവും പെന്തക്കൊസ്തി പെരുന്നാളും കൽക്കുരിശ്, ജൂബിലി പാരിഷ് ഹാൾ കൂദാശയും 28ന് നടത്തും. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാ തലവൻ പരിശുദ്ധ ബസേലിയോസ് മർത്തോമ്മ മാത്യൂസ് തൃതീയൻ കതോലിക്കാ ബാവയുടെയും ഇടവക മെത്രാപ്പൊലീത്ത ഡോ.ഗീവർഗീസ് മാർ ബർണബാസിന്റെയും നേതൃത്വത്തിലാണ് ശുശ്രൂഷകളെന്ന് വികാരി ഫാ.ടി.എം. കുര്യാക്കോസ്, ഫാ.വർഗീസ് ജോർജ് മഞ്ഞലോട്ട്, ട്രസ്റ്റി ബൈജു കരിക്കാട്ട്, ബിനു കരിക്കാട്ട്, ജോസഫ് ചെറുകര പുത്തൻപുരയിൽ, സാംസണ് കൊച്ചുപറന്പിൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നാളെ വൈകുന്നേരം 6.30നു സന്ധ്യാനമസ്കാരം ഉണ്ടാകും. 28ന് രാവിലെ ഏഴിന് പ്രഭാത നമസ്കാരം. എട്ടിന് കാതോലിക്കാ ബാവയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയും പെന്തക്കൊസ്തി പെരുന്നാൾ ശുശ്രൂഷയും. 11.45ന് പരിശുദ്ധ ഗീവർഗീസ് സഹദായുടെ നാമത്തിൽ സ്ഥാപിച്ച കൽക്കുരിശ് കുദാശ. 12ന് ജൂബിലി പാരിഷ് ഹാൾ കൂദാശ.
തുടർന്നു പൊതുസമ്മേളനം. പരിശുദ്ധ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. ഇടവക മെത്രാപ്പൊലീത്ത ഡോ.ഗീവർഗീസ് മാർ ബർണബാസ് അധ്യക്ഷത വഹിക്കും. മുൻ വികാരിമാരെയും 80 വയസിന് മുകളിൽ പ്രായമുള്ള ഇടവകാംഗങ്ങളെയും ആദരിക്കും. ഭവന നിർമാണ സഹായം, വിദ്യാഭ്യാസ സ്കോളർഷിപ്പ്, ചികിത്സാസഹായം എന്നിവ വിതരണം ചെയ്യും. സ്നേഹവിരുന്ന്, സംഗീത വിരുന്ന് എന്നിവ ഉണ്ടാകും.