പട്ടികവർഗ വിദ്യാർഥികൾക്കു 40 ശതമാനം സീറ്റ് അനുവദിക്കണമെന്ന്
1297601
Saturday, May 27, 2023 12:18 AM IST
കൽപ്പറ്റ: ജില്ലയിലെ പ്ലസ് വണ്‍ സീറ്റുകളിൽ 40 ശതമാനം പട്ടികവർഗ വിദ്യാർഥികൾക്കു നീക്കിവയ്ക്കണമെന്ന് ആദിവാസി ഗോത്രമഹാസഭ കോ ഓർഡിനേറ്റർ എം. ഗീതാനന്ദൻ, ആദിശക്തി സമ്മർ സ്കൂൾ പ്രവർത്തകരായ സി. മണികണ്ഠൻ, മേരി ലിഡിയ, കെ.ആർ. രേഷ്മ, കാവ്യ, കെ.പി. അശ്വതി എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ജില്ലയിൽ ഈ വർഷം പട്ടികവർഗ വിഭാഗത്തിൽനിന്നുള്ള 2,200ലേറെ വിദ്യാർഥികൾ പ്ലസ് വണ്‍ പ്രവേശനത്തിനു അർഹത നേടിയിട്ടുണ്ട്. 10 ശതമാനം സീറ്റ് വർധിപ്പിച്ചാലും ജില്ലയിൽ 800ൽ താഴെ വിദ്യാർഥികൾക്കാണ് അധ്യയന വർഷത്തിന്റെ തുടക്കത്തിൽ പ്രവേശനം ലഭിക്കുക.
അപേക്ഷിച്ച ആദിവാസി വിദ്യാർഥികൾക്കെല്ലാം അധ്യയനം തുടങ്ങി മാസങ്ങൾക്കുശേഷം പ്രത്യേക ഉത്തരവിലൂടെ പ്രവേശനം നൽകുന്നത് പ്രയോജനം ചെയ്യാത്തതാണ്. ഇത്തരത്തിൽ പ്രവേശനം ലഭിക്കുന്നവരിൽ അധികവും ക്ലാസുമായി പൊരുത്തപ്പെടാനാകാതെ പഠനം നിർത്തുകയാണ് ചെയ്യുന്നത്. അധ്യയനവർഷത്തിന്റെ ആരംഭത്തിൽത്തന്നെ പട്ടികവർഗ വിദ്യാർഥികൾക്കു പ്രവേശനം ലഭിക്കുന്നത് ഈ സാഹചര്യം ഒഴിവാക്കും. സർക്കാർ നിയോഗിച്ച കാർത്തികേയൻ നായർ കമ്മീഷൻ റിപ്പോർട്ടിൽ വയനാട് പോലുള്ള ജില്ലകളിൽ പട്ടികവർഗക്കാർക്ക് 40 ശതമാനം സീറ്റ് നിർദേശിക്കുന്നുണ്ട്.
ജില്ലയിൽ കൂടുതൽ പ്ലസ് വണ്‍ സയൻസ് ബാച്ചുകൾ വേണ്ടെന്ന മട്ടിലാണ് അടുത്തിടെ വിദ്യാഭ്യാസ മന്ത്രി പ്രസ്താവന നടത്തിയത്. സയൻസ് വിഷയങ്ങൾ പഠിക്കുന്നതിൽ പട്ടികവർഗ വിദ്യാർഥികളിൽ താത്പര്യ രാഹിത്യം ഉണ്ടെന്നാണ് ചിലർ പറയുന്നത്. എങ്കിൽ അതിനുള്ള കാരണം കണ്ടെത്തി പരിഹരിക്കണം. ഹയർ സെക്കൻഡറി പാസായി ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടിയ പട്ടികവർഗ വിദ്യാർഥികൾക്കായി ജൂണ്‍ ഒന്നിന് സുൽത്താൻ ബത്തേരി ഡയറ്റിൽ ഓറിയന്റേഷൻ ക്ലാസ് നടത്തും. പ്ലസ്ടു പരീക്ഷയിൽ ഉപരിപഠന യോഗ്യത നേടാത്ത എസ്ടി വിദ്യാർഥികൾക്ക് സേ പരീക്ഷയ്ക്കു ആവശ്യമായ പിന്തുണ നൽകും. പട്ടികവർഗ വിദ്യാർഥികൾ നേരിടുന്നതിൽ അടിയന്തരമായി പരിഹരിക്കേണ്ട പ്രശ്നങ്ങൾ ജൂണ്‍ ആദ്യവാരം വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും ആദിശക്തി സമ്മർ സ്കൂൾ പ്രവർത്തകർ പറഞ്ഞു.