വിശ്രമ മുറി നിർമാണം: ജില്ലാ പഞ്ചായത്തിലെ എൽഡിഎഫ് അംഗങ്ങൾ കത്ത് നൽകി
1297351
Thursday, May 25, 2023 11:50 PM IST
കൽപ്പറ്റ:വിദ്യാലയങ്ങളിലെ വിശ്രമമുറി നിർമാണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ചർച്ചചെയ്യാൻ പ്രത്യേക ഭരണസമിതി യോഗം വിളിക്കുന്നതിനു പഞ്ചായത്തീരാജ് നിയമത്തിലെ പതിനഞ്ചാം അധ്യായത്തിലെ 161 വകുപ്പ് 1 എ ഉപ വകുപ്പനുസരിച്ച് ജില്ലാ പഞ്ചായത്തിലെ എൽഡിഎഫ് അംഗങ്ങൾ പ്രസിഡന്റിനും സെക്രട്ടറിക്കും കത്ത് നൽകി.
ജില്ലാ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് 19 സ്കൂളുകളിലാണ് വിശ്രമ മുറി നിർമിച്ചത്. ആക്ഷേപങ്ങൾ ഉയർന്ന് മാസങ്ങൾ കഴിഞ്ഞിട്ടും വിഷയം ചർച്ച ചെയ്യാൻ ജില്ലാ പഞ്ചായത്ത് ഭരണസമിതി തയാറായില്ല.
ഈ സാഹചര്യത്തിൽ ഏപ്രിൽ 30ന് ജില്ലാ പഞ്ചായത്തംഗം സുരേഷ് താളൂർ പ്രസിഡന്റിനും സെക്രട്ടറിക്കും കത്ത് നൽകിയിരുന്നു. എന്നാൽ അതിനുശേഷം നടന്ന യോഗത്തിൽ വിഷയം ചർച്ച ചെയ്യാൻ പ്രസിഡന്റ് വിസമ്മതിച്ചു.
എൽഡിഎഫ് അംഗങ്ങൾ അന്നത്തെ ഭരണസമിയോഗം ബഹിഷ്കരിക്കുകയും ജില്ലാ പഞ്ചായത്ത് ഓഫീസിന് മുൻപിൽ ധർണ നടത്തുകയും ചെയ്തു. വിശ്രമ മുറി നിർമാണത്തിന് ഉപയോഗിച്ച സാമഗ്രികൾ ഗുണമേൻമ കുറഞ്ഞതാണെന്നും പ്രവൃത്തി പൂർത്തീകരിക്കാതെ നിർവഹണ ഏജൻസിക്ക് മുഴുവൻ തുകയും കൊടുത്തു എന്നതുമാണ് എൽഡിഎഫ് അംഗങ്ങൾ ഉന്നയിച്ച പ്രധാനപ്പെട്ട ആക്ഷേപം.
ഇക്കാര്യം ചൂണ്ടിക്കാട്ടി വിജിലൻസിനും എൽഡിഎഫ് അംഗങ്ങൾ പരാതി നൽകി. എന്നിട്ടും പ്രസിഡന്റ് ചർച്ചയിൽനിന്നു ഒളിച്ചോടുന്ന സാഹചര്യത്തിലാണ് കത്ത് നൽകിയത്.