അപകട രഹിത വാര്യാട്; തെർമോപ്ലാസ്റ്റിക് സ്ട്രിപ്പുകൾ സ്ഥാപിക്കും
1297350
Thursday, May 25, 2023 11:50 PM IST
കൽപ്പറ്റ: അപകടങ്ങൾ തുടർക്കഥയായ കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിലെ മുട്ടിൽ വാര്യാടിൽ സുരക്ഷയുടെ ഭാഗമായി തെർമോപ്ലാസ്റ്റിക് സ്ട്രിപ്പുകളും റിഫ്ളക്റ്റീവ് സ്റ്റഡുകളും സ്ഥാപിക്കും.
കളക്ടറേറ്റ് മിനി കോണ്‍ഫറൻസ് ഹാളിൽ ജില്ലാ കളക്ടർ ഡോ.രേണുരാജിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ റോഡ് സുരക്ഷാസമിതി യോഗത്തിലാണ് തീരുമാനം.
ജില്ലയിലെ സ്കൂളുകളോടുചേർന്നുള്ള റോഡുകളിൽ സീബ്രാ ക്രോസിംഗുകൾ ഇല്ലാത്തവ കൃത്യമായി മാർക്ക് ചെയ്യുന്നതിനു യോഗം പിഡബ്ല്യുഡി റോഡ്സ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ബസ് ബേകൾ നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ടൗണ്‍ പ്ലാനർ തയാറാക്കിയ പ്രപ്പോസലിൽ തദ്ദേശഭരണ വകുപ്പും പോലീസും സംയുക്ത പരിശോധന നടത്തും. ബസ്ബേകൾ എവിടെല്ലാം സ്ഥാപിക്കണമെന്ന് തീരുമാനിക്കും. ചുരത്തിലൂടെയുള്ള വാഹനഗതാഗത തടസം പരിഹരിക്കുന്നതിനായി പഠനം നടത്തുന്നതിന് ആർടിഒ എൻഫോഴ്സ്മെന്റിനെ ചുമതലപ്പെടുത്തി. എഡിഎം എൻ.ഐ. ഷാജു, ആർടിഒ ഇ. മോഹൻദാസ്, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.