സ്ഥിരം കുറ്റവാളിക്കെതിരേ വീണ്ടും "കാപ്പ’ ചുമത്തി
1297347
Thursday, May 25, 2023 11:50 PM IST
കൽപ്പറ്റ: വയനാട്ടിൽ സ്ഥിരം കുറ്റവാളിയെ വീണ്ടും "കാപ്പ’ (കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട്) ചുമത്തി ജയിലിലാക്കി.
പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷനിൽ ഗുണ്ടാ പട്ടികയിൽ ഉൾപ്പെട്ട തരിയോട് എട്ടാംമൈൽ കാരനിരപ്പേൽ ഷിജുവിനെതിരേയാണ്(43)നടപടി. വധശ്രമം, ദേഹോപദ്രവം ഏൽപ്പിക്കൽ, പിടിച്ചുപറി, അതിക്രമിച്ചുകടക്കൽ, അടിപിടി, മോഷണം, ഭീഷണിപ്പെടുത്തൽ, ഒദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, സ്ത്രീകൾക്കെതിരായ അതിക്രമം ഉൾപ്പെടെ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്. ജില്ലാ പോലീസ് മേധാവി ആർ. ആനന്ദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ ഡോ.രേണുരാജാണ് ഷിജുവിനെതിരേ "കാപ്പ’ ചുമത്തി ഉത്തരവായത്.
ഗുണ്ടാ പ്രവർത്തനങ്ങൾ അമർച്ചചെയ്യാൻ സംസ്ഥാനതലത്തിൽ നടപ്പിലാക്കിയ ഓപ്പറേഷൻ കാവലിന്റെ ഭാഗമായി മുൻ ജില്ലാ പോലീസ് മേധാവി ഡോ.അർവിന്ദ് സുകുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2022 ഏപ്രിൽ 30ന് ഷിജുവിനെതിരേ അന്നത്തെ ജില്ലാ കളക്ടർ എ. ഗീത "കാപ്പ’ ചുമത്തിയിരുന്നു. ജയിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ ഇയാൾ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന സാഹചര്യത്തിലാണ് വീണ്ടും "കാപ്പ’ ശിപാർശ ചെയ്തത്. ഷിജുവിനെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.