തെരുവിൽ വസിക്കുന്നവർക്കു രാപ്പാർക്കാൻ ഇടമായി
1297346
Thursday, May 25, 2023 11:50 PM IST
കൽപ്പറ്റ: ഭിക്ഷാടനത്തിനും മറ്റുമായി നഗരത്തിൽ എത്തി രാത്രി കടത്തിണ്ണകളിലും ബസ്സ്റ്റാൻഡുകളിലും കഴിയുന്നവർക്കു അന്തിയുറങ്ങാൻ നഗരസഭ മുണ്ടേരിയിൽ തണലോരം എന്ന പേരിൽ നിർമിച്ച ഷെൽട്ടർ ഹോം 27ന് വൈകുന്നേരം നാലിന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും.
ടി. സിദ്ദീഖ് എംഎൽഎ അധ്യക്ഷത വഹിക്കും.ദേശീയ നഗര ഉപജീവന ദൗത്യത്തിൽ ഉൾപ്പെടുത്തിയാണ് മുണ്ടേരിയിൽ ഷെൽട്ടർ ഹോം നിർമിച്ചതെന്ന് മുനിസിപ്പൽ ചെയർമാൻ കെയെംതൊടി മുജീബ്, വൈസ് ചെയർപേഴ്സണ് കെ. അജിത, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.എ.പി. മുസ്തഫ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.ടി.ജെ. ഐസക്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ജൈന ജോയി എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
2020ൽ ആരംഭിച്ചതാണ് ഷെൽട്ടർ ഹോം പ്രവൃത്തി. ഒന്നരക്കോടി രൂപ ചെലവിൽ പണിത മൂന്നു നില കെട്ടിടത്തിൽ 16 മുറികളും രണ്ടു ഹാളും അടുക്കള ഉൾപ്പെടെ അനുബന്ധ സൗകര്യങ്ങളുമുണ്ട്. സ്ത്രീകളും പുരുഷൻമാരും ഉൾപ്പെടെ 60 പേരെ ഇവിടെ താമസിപ്പിക്കാനാകും. നഗരസഭ ഏപ്രിൽ മൂന്നാം വാരം നടത്തിയ സർവേയിൽ കണ്ടെത്തിയ ആറു കുടുംബങ്ങളിലെ അംഗങ്ങളടക്കം 27 പേരെയാണ് തുടക്കത്തിൽ ഷെൽട്ടർ ഹോമിൽ താമസിപ്പിക്കുന്നത്. ഉപജീവനത്തിനു നഗരത്തിൽ ചെയ്യുന്ന തൊഴിലിൽ തുടരാൻ ഇവരെ അനുവദിക്കും. വൈകുന്നേരം ആറിനു മുന്പ് തിരിച്ചെത്തണമെന്ന വ്യവസ്ഥയിലാണ് അന്തേവാസികളെ ദിവസവും രാവിലെ പുറത്തുവിടുക. മാനേജരും സ്ത്രീകളടക്കം മൂന്നു കെയർ ടേക്കർമാരും ഷെൽട്ടർ ഹോമിൽ ഉണ്ടാകും. തണലോരത്തിൽ പാർപ്പിക്കുന്നതിനു കണ്ടെത്തിയവരിൽ അധികവും ഇതര സംസ്ഥാനക്കാരാണ്. അന്തേവാസികൾക്കു വായനയ്ക്കും വിനോദത്തിനും സമീപഭാവിയിൽ സംവിധാനം ഒരുക്കും.