എ ഫോർ ആധാർ മെഗാ കാന്പയിൻ: ആദ്യ ദിനം എത്തിയത് 6000 കുട്ടികൾ
1297160
Thursday, May 25, 2023 12:15 AM IST
കൽപ്പറ്റ: ജില്ലയിലെ അഞ്ച് വയസ് വരെയുള്ള എല്ലാ കുട്ടികൾക്കും ആധാർ എന്ന ലക്ഷ്യത്തോടെ നടത്തുന്ന എ ഫോർ ആധാർ’ ക്യാന്പിൽ ആദ്യ ദിനം 6000 കുട്ടികൾ എത്തി. ജില്ലാ ഭരണകൂടത്തിന്റെയും അക്ഷയ കേന്ദ്രങ്ങളുടെയും വനിതാ ശിശുവികസന വകുപ്പിന്റെയും ആഭിമുഖ്യത്തിലാണ് ക്യാന്പ് സംഘടിപ്പിക്കുന്നത്. കാന്പയിനിന്റെ ജില്ലാതല ഉദ്ഘാടനം കൽപ്പറ്റ ഗ്രാമത്തുവയൽ അങ്കണവാടിയിൽ ജില്ലാ കളക്ടർ ഡോ. രേണു രാജ് നിർവഹിച്ചു. സ്കൂളിൽ ചേർക്കുന്നതിനും സർക്കാരിന്റെ വിവിധ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും അത്യന്താപേക്ഷിതമായ തിരിച്ചറിയൽ രേഖയായ ആധാർ എടുക്കുന്നതിനായി എല്ലാവരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കളക്ടർ പറഞ്ഞു.
പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്പ് അഞ്ച് വയസ് വരെയുള്ള മുഴുവൻ കുട്ടികൾക്കും ആധാർ കാർഡ് ലഭ്യമാക്കി എന്ന് ഉറപ്പു വരുത്തുകയാണ് കാന്പെയിനിന്റെ ലക്ഷ്യം. സംസ്ഥാന ഐടി മിഷനാണ് പദ്ധതി കൊണ്ടുവന്നത്. തെരഞ്ഞെടുത്ത അങ്കണവാടികളിലായി 110 എന് റോൾമെന്റ് കേന്ദ്രങ്ങളിലാണ് ക്യാന്പ് നടന്നത്.
ഐപിബിഎസ്, ബാങ്ക്, അതാത് പഞ്ചായത്ത്/ മുനിസിപ്പാലിറ്റി, ട്രൈബൽ വകുപ്പ്, ഡബ്ല്യുസിഡി, പോലീസ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടത്തുന്നത്.
ആധാർ എന്േറാൾമെന്റ് പൂർത്തീകരിക്കാത്തവർക്ക് ഇന്ന് കൂടി അവസരം ലഭിക്കും. ഇതുവരെ ആധാർ എടുക്കാത്ത അഞ്ച് വയസുവരെയുള്ള കുട്ടിയുടെ അമ്മയുടേയും അച്ഛന്റെയും ആധാർ കാർഡ്, കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് എന്നിവ സഹിതം ആധാർ എന്േറാൾമെന്റ് കേന്ദ്രങ്ങളിലെത്തണം.
ഗുണഭോക്താക്കൾക്ക് അക്ഷയ കേന്ദ്രങ്ങൾ, അങ്കണവാടികൾ എന്നിവയുമായോ ട്രൈബൽ മേഖലയിൽ ഉള്ളവർ ട്രൈബൽ പ്രൊമോട്ടർമാരായോ ബന്ധപ്പെടാവുന്നതാണ്.
ആധാറിൽ തിരുത്തലുകൾ വരുത്തുന്നതിനുള്ള സേവനം ക്യാന്പിൽ ലഭ്യമല്ല. വിവിധ വകുപ്പിലെ ജീവനക്കാർ ക്യാന്പിന് നേതൃത്വം നൽകി.