ഭിന്നശേഷിക്കാർക്കായുള്ള സഹായ ഉപകരണ വിതരണം നാളെ
1296908
Wednesday, May 24, 2023 12:23 AM IST
സുൽത്താൻ ബത്തേരി: ഭിന്നശേഷിക്കാർക്കായുള്ള സഹായ ഉപകരണ വിതരണ ജില്ലാതല ഉദ്ഘാടനം ബത്തേരി റോട്ടറി ഹാളിൽ 25 ന് രാവിലെ 10 ന് സബ് കളക്ടർ ആർ. ശ്രീലക്ഷ്മി നിർവഹിക്കും. റോട്ടറി ബത്തേരി, നാഷണൽ കരിയർ സർവീസ് സെന്റർ, തിരുവനന്തപുരം, ആർട്ടിഫിഷൽ ലിംബ് മാനുഫാക്ടറിംഗ് കോർപറേഷൻ ബംഗളൂരു, സാമൂഹ്യ നീതി വകുപ്പ്, കേരള സർക്കാർ എന്നിവരുടെ സഹകരണത്തോടെയാണ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നത്. ഉപകരണ വിതരണം ബത്തേരി മുനിസിപ്പൽ ചെയർമാൻ ടി.കെ. രമേഷ് നിർവഹിക്കും.
മുൻപ് നടന്ന ക്യാന്പിൽ രജിസ്റ്റർ ചെയ്തവർ 25 ന് ഫോട്ടോ, ആധാർ കാർഡ്, വരുമാന സർട്ടിഫിക്കറ്റ്, ഡിസബിലിറ്റി സർട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പികൾ സഹിതം രാവിലെ റോട്ടറി ഹാളിൽ എത്തി സഹായ ഉപകരണങ്ങൾ കൈപ്പറ്റണം. റോട്ടറി ബത്തേരി സെൻട്രലിന്റെ ആഭിമുഖ്യത്തിൽ നടന്ന പൂമല ക്യാന്പിൽ പങ്കെടുത്തവർക്ക് സെന്റ് റോസല്ലോസ് സ്കൂളിൽ 25 ന് ഉച്ചയ്ക്ക് രണ്ടിന് ശേഷവും കബനി വാലി റോട്ടറിയുടെ ആഭിമുഖ്യത്തിൽ നടന്ന മാനന്തവാടി ക്യാന്പിൽ പങ്കെടുത്തവർക്ക് മാനന്തവാടി ഡബ്ല്യുഎസ്എസ്എസ് ഹാളിൽ 26 ന് രാവിലെ 10 മുതലും കൽപ്പറ്റ റോട്ടറിയുടെ ആദിമുഖ്യത്തിൽ നടന്ന ക്യാന്പിൽ പങ്കെടുത്തവർക്ക് കൽപ്പറ്റ ലിയോ ആശുപത്രിയിൽ 26 ന് ഉച്ചയ്ക്ക് രണ്ട് മുതലും സഹായ ഉപകരണങ്ങൾ വിതരണം ചെയ്യും.