സൗജന്യ അക്കൗണ്ടിംഗ് പരിശീലനം: ആദ്യ ബാച്ച് പൂർത്തിയാക്കി
1296907
Wednesday, May 24, 2023 12:23 AM IST
കൽപ്പറ്റ: ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട പെണ്‍കുട്ടികൾക്ക് ഫെഡറൽ സ്കിൽ അക്കാഡമിയിൽ നൽകിയ നൈപുണ്യ പരിശീലന കോഴ്സിന്റെ ആദ്യ ബാച്ച് വിജയകരമായി പൂർത്തിയാക്കി. മൂന്നര മാസം നീണ്ട ഫിനാൻഷ്യൽ അക്കൗണ്ടിംഗ് ആൻഡ് ടാലി പ്രൈം കോഴ്സ് ബാച്ചിൽ 24 പെണ്‍കുട്ടികളാണ് ഉണ്ടായിരുന്നത്. പൂർണമായും റെസിഡൻഷ്യലായിരുന്നു പരിശീലനം. താമസവും ഭക്ഷണവും സൗജന്യമായിരുന്നു.
ജൂണിൽ പുതിയ ബാച്ച് ആരംഭിക്കും. ബികോം, ബിബിഎ, എംകോം അല്ലെങ്കിൽ എംബിഎ ആണ് ആവശ്യമായ വിദ്യാഭ്യാസ യോഗ്യത. അക്കൗണ്ടിംഗിലും ഫിനാൻഷ്യൽ മാനേജ്മെന്റിലും അക്കൗണ്ടിംഗ് സോഫ്റ്റ്വേറായ ടാലിയിലും പ്രായോഗിക പരിശീനത്തിന് മുൻഗണ നൽകുന്നതാണ് കോഴ്സ്. ഫിനാൻസ് രംഗത്ത് തൊഴിൽ കണ്ടെത്തുന്നതിന് ആവശ്യമായ നൈപുണ്യ പരിശീലനം നൽകി പെണ്‍കുട്ടികളെ തൊഴിൽ സജ്ജരാക്കുകയാണ് കോഴ്സിന്റെ ലക്ഷ്യം.
ഫെഡറൽ ബാങ്കിന്റെ സിഎസ്ആർ സംരംഭമായ ഫെഡറൽ ബാങ്ക് ഹോർമിസ് മെമോറിയൽ ഫൗണ്ടേഷനു കീഴിലാണ് പദ്ധതി നടപ്പാക്കുന്നത്.