കർഷകർക്കെതിരെയുള്ള ജപ്തി നടപടികൾ അവസാനിപ്പിക്കണം: ടി. സിദ്ദിഖ് എംഎൽഎ
1296906
Wednesday, May 24, 2023 12:23 AM IST
കൽപ്പറ്റ: കർഷകർക്കെതിരെയുള്ള റവന്യു റിക്കവറി ഉൗർജ്ജിതമാക്കാനുള്ള നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ടി. സിദ്ദിഖ് എംഎൽഎ ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാലന് നിവേദനം നൽകി. വായ്പ തിരിച്ചടക്കുവാൻ കർഷകർക്ക് കൂടുതൽ സമയം നൽകുകയും കർഷകർക്ക് കാർഷിക വായ്പയിൽ അനുവദിച്ചിരുന്ന മൂന്ന് ശതമാനം പലിശയിളവ് പുനഃസ്ഥാപിക്കാനുള്ള നടപടി അടിയന്തരമായി സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
വയനാട്ടിലെ കർഷക വായ്പാ കുടിശിക പിരിക്കുവാനും ജപ്തി നടപടികൾ ഉൗർജിതമാക്കാനും ബാങ്ക് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നത് കർഷകരോടുള്ള വെല്ലുവിളിയാണ്. പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘങ്ങൾ, സർവീസ് സഹകരണ ബാങ്കുകൾ, കാർഷിക ഗ്രാമവികസന ബാങ്കുകൾ എന്നിവ മുഖേന വിതരണം ചെയ്യുന്ന ഹ്രസ്വകാല കാർഷിക വായ്പകൾക്ക് ഉത്തേജന പലിശ ഇളവ് പദ്ധതി നടപ്പാക്കിയത് മൂലം ജില്ലയിലെ സഹകരണ ബാങ്കുകൾക്ക് ക്ലെയിം സംഖ്യ ഇനത്തിൽ സർക്കാരിൽ നിന്ന് ഏപ്രിൽ 31 വരെ 34.5 കോടി രൂപ നൽകാനുണ്ട്.
കൂടാതെ കർഷകർ നിലവിൽ എടുത്തതായിരിക്കുന്ന ലോണ്‍ ക്ലോസ് ചെയ്യുന്പോൾ മൂന്ന് ശതമാനം പലിശ അടക്കേണ്ട സാഹചര്യം നിലവിലുണ്ട്. കർഷകരേയും കാർഷിക മേഖലയേയും ബാധിക്കുന്ന ഈ വിഷയത്തിൽ ധനകാര്യവകുപ്പിൽ നിന്നും അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് എംഎൽഎ ധനകാര്യ മന്ത്രിയോട് ആവശ്യപ്പെട്ടു.