വന്യജീവി ബില്ല് തട്ടിപ്പ് : കർഷക കോൺഗ്രസ്
1591534
Sunday, September 14, 2025 4:50 AM IST
താമരശേരി: ഭീഷണിയായ വന്യജീവിയെ കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് ഉത്തരവിടാമെന്നിരിക്കെ സർക്കാർ കൊണ്ടുവരുന്ന പുതിയ ബിൽ ശുദ്ധതട്ടിപ്പും തെരഞ്ഞെടുപ്പ് തന്ത്രവുമാണെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ.ബിജു കണ്ണന്തറ അഭിപ്രായപെട്ടു.
കൊടുവള്ളി നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര നിയമമായ വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി നിയമം നിർമ്മിക്കാൻ സംസ്ഥാന സർക്കാരിന് സാധിക്കില്ല. വനത്തിന് പുറത്തിറങ്ങി നാശം വിതയ്ക്കുന്ന വന്യജീവികളെ പ്രതിരോധിക്കാൻ വന്യജീവി സംരക്ഷണ നിയമത്തിലെ 11 (2) വകുപ്പ് ഫലപ്രദമായി ഉപയോഗിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. ജില്ലാ കളക്ടർക്കുള്ള അധികാരമുപയോഗിച്ചും അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാം.
വനപാലകരുടെ ജീവന് ഭീഷണി വന്നപ്പോൾ വന്യജീവിയെ അടുത്ത നിമിഷം വെടിവെച്ചു കൊന്നിട്ടുണ്ട്. അതേ വകുപ്പ് ഉപയോഗിച്ച് ജനങ്ങളെ കൂടി രക്ഷിക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡനു നിർദ്ദേശം നൽകാൻ സർക്കാർ തയ്യാറാകണം. വന്യജീവികളെ വനത്തിനുള്ളിൽ സംരക്ഷിക്കുന്നതിനായി കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നുണ്ടെങ്കിലും ഒന്നും ഫലത്തിൽ എത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നിയോജക മണ്ഡലം പ്രസിഡന്റ് ഷരീഫ് വെളിമണ്ണ അധ്യക്ഷത വഹിച്ചു. അഹമ്മദ് കുട്ടി കട്ടിപ്പാറ, അരിയിൽ ഇസ്മായിൽ, എൻഅജിതൻ, മുഹമ്മദ് ഇഖ്ബാൽ, സി.എം. ഭാസ്കരൻ, ഷാഫി ആരാമ്പ്രം, വി.പി . അഷ്റഫ് എന്നിവർ പ്രസംഗിച്ചു.