ചാലിയാർ മണക്കടവ് തീരം കാടുകയറി അന്യാധീനപ്പെടുന്നതായി ആക്ഷേപം
1591528
Sunday, September 14, 2025 4:50 AM IST
പന്തീരാങ്കാവ്: ലക്ഷങ്ങൾ മുടക്കി സൗകര്യങ്ങൾ ഒരുക്കിയ ചാലിയാർ മണക്കടവ് തീരം കാട് കേറി അന്യാധീനപ്പെടുന്നതായി മണക്കടവ് തീരം സംരക്ഷണ സമിതി.
സർവേയിലൂടെ മണക്കടവ് തീരത്തെ പുറമ്പോക്കു ഭൂമി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംരക്ഷണ പ്രഖ്യാപനവുമായി നാട്ടുകാർ രംഗത്തിറങ്ങി. ചാലിയാർ പുഴയുടെ മണക്കടവ് തീരത്തെ വിശാലമായ മണൽതിട്ടയിലാണ് ബലിതര്പ്പണമുള്പ്പെടെയുള്ള ചടങ്ങുകള്‍ നടക്കാറുള്ളത്. മണക്കടവ് തീരം സംരക്ഷണ സമിതി സജീവമായി അടിസ്ഥാനസൗകര്യ നിർമ്മാണത്തിനും സൗന്ദര്യവൽക്കരണ പ്രവർത്തനത്തിനും മുന്നിട്ടിറങ്ങുകയായിരുന്നു.
ചില സ്വകാര്യ വ്യക്തികൾ തീരപ്രദേശത്തിന് അവകാശവാദമുന്നയിച്ച് രംഗത്തുവന്നെങ്കിലും സമിതിയുടെ പ്രവർത്തനങ്ങളുടെ ഫലമായി നിർമിക്കപ്പെട്ട കുട്ടികൾക്കുള്ള ചെറിയ പാര്‍ക്കും മറ്റും അവിടെ തന്നെ നിലനിന്നുപോന്നു.
ഈ സർക്കാർ ഭൂമി സംരക്ഷിക്കപ്പെടണമെന്നും മണക്കടവിന്റെ പൈതൃക കേന്ദ്രമായ മനോഹരമായ ഈ ചാലിയാർ തീരപ്രദേശം അന്യാധീനപ്പെട്ടു പോകരുതെന്നും തീരസംരക്ഷണ സമിതി പ്രവർത്തകർ ആവശ്യപ്പെട്ടു.
സർക്കാർ ഭൂമിയുടെ അതിരുകൾ വ്യക്തമാക്കാനായി ഭൂസർവ്വേ ചെയ്യണമെന്നും ഇതിനായുള്ള പോരാട്ടങ്ങൾ അതിശക്തമായി തുടരുമെന്നും സമിതി നേതാക്കൾ പറഞ്ഞു.