ഇഎസ്എ റിപ്പോർട്ടിലെ സംസ്ഥാന സർക്കാരിന്റെ ഒളിച്ചുകളി അവസാനിപ്പിക്കണം: കത്തോലിക്ക കോൺഗ്രസ് സമരത്തിലേക്ക്
1487333
Sunday, December 15, 2024 7:10 AM IST
കോഴിക്കോട്: ഇഎസ്എ റിപ്പോർട്ടിലെ സംസ്ഥാന സർക്കാരിന്റെ ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും സത്വര നടപടികള് ഉണ്ടാകണമെന്നും കത്തോലിക്ക കോണ്ഗ്രസ് ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ പുറപ്പെടുവിച്ച ഇഎസ്എ കരട് വിജ്ഞാപനത്തിന്റെ മലയാള പരിഭാഷ കോടതി ഇടപെടലിനെത്തുടർന്നു കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയിട്ടുണ്ട്.
ഇതിൽ സംഭവിച്ചിട്ടുള്ള ഗൗരവമായ അപാകതകൾ ഉടൻ പരിഹരിച്ച് നൽകിയില്ലെങ്കിൽ കത്തോലിക്ക കോൺഗ്രസ് ശക്തമായ പ്രക്ഷോഭ പരിപാടികളുമായിട്ട് മുന്നോട്ട് പോകുമെന്ന് താമരശേരി രൂപത സമിതി അറിയിച്ചു.
സംസ്ഥാന സർക്കാരിന്റെ പുതുക്കി നൽകിയ റിപ്പോർട്ട് ഗ്രാമസഭകളിൽ ചർച്ച ചെയ്യുകയോ ജനങ്ങൾക്ക് പരിശോധിക്കാനായി പരസ്യമായി ലഭ്യമാക്കുകയോ ചെയ്തിട്ടില്ല.ലോക്സഭയിലെ മറുപടി അനുസരിച്ച് പുതുക്കിയ റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളതിനു വിപരീതമായിഇതിൽ ഉൾപ്പെടുന്ന ഒരു പഞ്ചായത്തും വില്ലേജുകളിലെ ഇഎസ്എ ഫോറസ്റ്റ് ഏരിയ എത്രയാണെന്ന് ശിപാർശ നൽകിയിട്ടില്ല.
അഞ്ചു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി കേരളത്തിലെ ഇഎസ്എ നിർണയിക്കുന്നതിൽ കസ്തൂരിരംഗം റിപ്പോർട്ടിലെ ശിപാർശയല്ല മറിച്ച് സംസ്ഥാന സർക്കാർ നൽകിയ റിപ്പോർട്ട് ആണ് അന്തിമവിജ്ഞാപനത്തിനായിനായി പരിഗണിക്കുക എന്ന് കരട് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട് . അതുകൊണ്ടുതന്നെ ഈ റിപ്പോർട്ട് ഗ്രാമസഭകളിൽ നിർബന്ധമായും ചർച്ച ചെയ്തു അംഗീകരിച്ചു മാത്രമേ സമർപ്പിക്കാവൂ.
കരടു വിജ്ഞാപനത്തിലെ 123 വില്ലേജുകളിലെ വന വിസ്തൃതിയായ 9107 ച. കിലോമീറ്റർ ഉമ്മൻ കമ്മിറ്റി രേഖപ്പെടുത്തിയതിൽ കമ്മിറ്റിക്ക് പറ്റിയ തെറ്റ് തിരുത്തി പ്രസിദ്ധീകരിക്കുവാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് ശിപാർശ നൽകണം. 98 വില്ലേജുകളിലെ ഫോറസ്റ്റ് 8590.69 ചതുരശ്രകിലോമീറ്റർ (റിസേർവ് വനവും സംരക്ഷിത മേഖലയും വേൾഡ് ഹെറിറ്റേജ് സൈറ്റും മാത്രം ) ഇഎസ്എ എന്ന സർക്കാരിന്റെ പുതിയ ശിപാർശയിലെ തെറ്റ് തിരുത്തി നൽകിയില്ലെങ്കിൽ ഈ 98 വില്ലേജുകളിലെ മതിയായ രേഖകൾ ഉള്ള കൃഷിഭൂമി അന്തിമ വിജ്ഞാപനം വഴി വനഭൂമിയായി മാറും.
പുതിയ ശിപാർശയിൽ റവന്യൂ വില്ലേജുകളുടെ പേരിൽ ഇഎസ്ഐ ഭൂമി അറിയപ്പെടാതിരിക്കുവാൻ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നും വ്യക്തമാക്കണം.വ്യക്തമായ ചർച്ചകളോ മതിയായ രേഖകളോ ഇല്ലാതെ സംസ്ഥാന സർക്കാർ പുതുക്കിയ റിപ്പോർട്ട് സമർപ്പിച്ച ശേഷം, വിജ്ഞാപനം മലയാള പരിഭാഷയിൽ പ്രസിദ്ധീകരിച്ച് കോടതിയുടെ വായടപ്പിക്കാനും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുമുള്ള സംസ്ഥാന സർക്കാരിന്റെ ഒളിച്ചുകളിയെ കത്തോലിക്ക കോൺഗ്രസ് ശക്തമായി അപലപിക്കുന്നു.
രൂപത പ്രസിഡന്റ് ചാക്കോ കാളം പറമ്പിൽ, ഡയറക്ടർ ഫാ. തൂമുള്ളിൽ, സെക്രട്ടറി ഷാജി കണ്ടത്തിൽ, ട്രഷറർ സജി കരോട്ട്, ഗ്ലോബല സെക്രട്ടറി ട്രീസ ഞരളക്കാട്ട്, ഡോ. ജോൺ കട്ടക്കയം, ജോഷി കറുകമാലിൽ, പ്രിൻസ് തിനം പറമ്പിൽ, ഷാന്റൊ തകടിയിൽ, ജോൺസൺ കക്കയം, സാബു വടക്കേ പടവിൽ, ആന്റണി ആലക്കൽ, ജോസഫ് ആലവേലി എന്നിവർ പ്രസംഗിച്ചു.