നീതി നിഷേധിക്കപ്പെടുമ്പോൾ അതിനെതിരേ ശബ്ദമുയർത്തുന്നവരാണ് അഭിഭാഷകർ : പി.എസ്. ശ്രീധരൻ പിള്ള
1487316
Sunday, December 15, 2024 7:09 AM IST
കോഴിക്കോട്: നീതി നിഷേധിക്കപ്പെടുമ്പോൾ അതിനെതിരേ ശബ്ദമുയർത്തുന്ന പൈതൃകമാണ് അഭിഭാഷകരുടേതെന്നും ഭാരതീയ അഭിഭാഷക പരിഷത്ത് ആ ചുമതല നിറവേറ്റുന്ന പ്രസ്ഥാനമാണെന്നും ഗോവ ഗവർണ്ണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള അഭിപ്രായപ്പെട്ടു.
ഭാരതീയ അഭിഭാഷക പരിഷത്ത് കേരള സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് സ്പാൻ ഹോട്ടലിൽ നടക്കുന്ന വനിതാ അഭിഭാഷകരുടെ ദ്വിദിന സംസ്ഥാന വനിതാ പ്രവർത്തക ശിബിരം ഓൺലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിഭാഷക സമൂഹത്തിന് സാമൂഹിക പ്രതിബദ്ധത ഉണ്ടെന്നും അത് നിറവേറ്റുന്നവരാണ് അഭിഭാഷകരെന്നും അദ്ദേഹം കൂട്ടി ചേർത്തു. പരിപാടിയിൽ അഖില ഭാരതീയ അധിവക്ത പരിഷത്ത് ദേശീയ കൗൺസിൽ അംഗം അഡ്വ. കെ. സേതു ലക്ഷ്മി അധ്യക്ഷത വഹിച്ചു.
അഖില ഭാരതീയ അധിവക്ത പരിഷത്ത് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ആർ. രാജേന്ദ്രൻ, ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഡോ. എം. രാജേന്ദ്ര കുമാർ, ജനറൽ സെക്രട്ടറി അഡ്വ. ബി. അശോക്, സംസ്ഥാന സെക്രട്ടറി എൻ.പി. ശിഖാ, സംസ്ഥാന സമിതി അംഗം അഡ്വ. കീർത്തി സോളമൻ, അഖില ഭാരതീയ അധി വക്ത പരിഷത്ത് ദേശീയ എക്സിക്യൂട്ടീവ് കൗൺസിൽ അംഗം അഡ്വ. സി.കെ. ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു.