പേരാമ്പ്രയില്‍ ലഹരി വില്‍പ്പനക്കാരനും സഹോദരനും പിടിയില്‍
1487330
Sunday, December 15, 2024 7:10 AM IST
പേരാമ്പ്ര: പേരാമ്പ്രയിലെ പ്രധാന എംഡിഎംഎ ലഹരി വില്പനക്കാരനും സഹോദരനും പോലീസിന്റെ പിടിയില്‍. പേരാമ്പ്ര പുറ്റം പൊയില്‍ താമസിക്കുന്ന ചേനോളി സ്വദേശി കണിക്കുളങ്ങര യു.എം. അഫ്നാജ് എന്ന ചിമ്പി, സഹോദരന് യു.എം. മുഹസിന് എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
പേരാമ്പ്ര ലാസ്റ്റ് കല്ലോട് ഭാഗത്ത് വാഹന പരിശോധന നടത്തുകയായിരുന്ന എസ്ഐ ഷമീറും സംഘവും ഇവരുടെ കാറിന് കൈ കാണിച്ചപ്പോള്‍ കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. സംശയം തോന്നിയ പോലീസ് ഉടന്‍ ഇവരെ പിന്തുടരുകയും ചെയ്തു.
ഇവരുടെ സ്ഥിരം താവളമായ ലാസ്റ്റ് കല്ലോടുള്ള കേദാരം കാര്‍ വര്‍ക് ഷോപ്പിലേക്ക് പ്രതികള്‍ കാര്‍ ഓടിച്ചു കയറ്റി. പിന്നാലെ പോലീസും സ്ഥലത്തെത്തി. പോലീസുമായി ബലപ്രയോഗം നടത്തിയ സഹോദരന്മാരെ എസ്ഐ ഷമീറും പേരാമ്പ്ര ഡിവൈഎസ്പി വി.വി. ലതീഷിന്റെ കീഴിലെ ലഹരി വിരുദ്ധ സ്ക്വാഡും ചേര്‍ന്ന് സാഹസികമായി കീഴടക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആറ് ഗ്രാം എംഡിഎംഎ കണ്ടെത്തുകയായിരുന്നു. പ്രതി സ്ഥിരമായി വന്‍തോതില്‍ എംഡിഎംഎ വില്പന നടത്തുന്നയാളാണെന്നും ലഹരി വിറ്റ് ഇവര്‍ ആര്‍ഭാട ജീവിതം നയിക്കുകയാണെന്നും നാട്ടുകാര്‍ക്ക് നേരത്തേ പരാതിയുണ്ടായിരുന്നു.
ഒരു വര്‍ഷത്തോളമായി ഇയാളെ നിരീക്ഷിച്ചു വരികയാണെന്നും, പോലീസിന് സ്ഥിരം തലവേദനയായ, നിരവധി ക്രിമിനല്‍ കേസിലും കളവ് കേസിലുമുള്‍പ്പെട്ടയാളാണ് അഫ്നാജ് എന്ന ചിമ്പിയെന്നും പോലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കുമെന്നും ലഹരിക്കെതിരെ ഇനിയും ശക്തമായ നടപടികള്‍ എടുക്കുമെന്നും ഡിവൈഎസ്പി അറിയിച്ചു.