ജയിൽ റോഡ് വീതി കൂട്ടണമെന്ന് ആവശ്യം
1486996
Saturday, December 14, 2024 5:43 AM IST
കോഴിക്കോട്: ജയിൽ റോഡ് വീതി കൂട്ടുന്നതിനാവശ്യമായ നടപടികൾ ത്വരിതപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ്. കഴിഞ്ഞ രണ്ട് വർഷമായി ഇക്കാര്യത്തിൽ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും ഉത്തരവിൽ പറയുന്നു.പൊതുമരാമത്ത് (കോഴിക്കോട്) നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ക്കാണ് കമ്മീഷൻ നിർദേശം നൽകിയത്.
ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ ഒരു മാസത്തിനകം അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.ജയിൽ റോഡ് വീതി കുറവായതിനാൽ അപകടങ്ങൾ നിത്യസംഭവമാണെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. ജയിൽ റോഡ് വീതികൂട്ടുന്നതിനുള്ള അലൈൻമെന്റ് ചീഫ് എന്‍ജിനിയര്‍ക്ക് സമർപ്പിച്ചിട്ടുണ്ടെന്ന് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ കമ്മീഷനെ അറിയിച്ചു. അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് വിശദമായ പദ്ധതി രൂപരേഖ സമർപ്പിക്കുമെന്നും റിപ്പോർട്ടിലുണ്ട്.
ചിന്താവളപ്പ് ജംഗ്ഷൻ മുതൽ പുതിയപാലം ജംഗ്ഷൻ വരെ ഇൻവെസ്റ്റിഗേഷൻ നടത്തുന്നതിന് 2022 ഫെബ്രുവരി നാലിന് ഭരണാനുമതി നൽകിയിരുന്നതായി ചീഫ് എന്‍ജിനിയർ അറിയിച്ചു. റിപ്പോർട്ട് പ്രകാരം 20 വീടുകൾക്ക് നഷ്ടങ്ങൾ സംഭവിക്കും. 1.0418 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടി വരും. ഇതിന് ഏകദേശം 29.74 കോടി രൂപ ആവശ്യമായി വരും. ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഭരണാനുമതിക്കായി എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ട്. ഭരണാനുമതി ലഭിക്കുന്ന മുറയ്ക്ക് തുടർനടപടികൾ സ്വീകരിക്കുമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനിയർ അറിയിച്ചു.