അനീതിക്കെതിരേ പോരാടാന്‍ കരുത്തു പകരുന്നത് വായന: വി.ഡി. സതീശന്
1487326
Sunday, December 15, 2024 7:10 AM IST
വടകര: ഹിറ്റ്ലറുടെ നുണപ്രചാരകനായിരുന്ന ഗീബല്‍സിനെ പോലെയാണ് ഇക്കാലത്തെ പിആര്‍ ഏജന്‍സികളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ഗീബല്‍സിന്റെ ആധുനിക രൂപമാണ് ഇത്തരം ഏജന്‍സികളെന്നും നുണപ്രചാരണമാണ് ഇവര്‍ നടത്തുന്നതെന്നും വി.ഡി. സതീശന് പറഞ്ഞു.
വടകരയില്‍ നടന്നുവരുന്ന കടത്തനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രണ്ടാം ദിവസം വായനയുടെ രാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തെങ്ങും നടക്കുന്ന അനീതിക്കെതിരേ പോരാടാന്‍ നമുക്കു കരുത്തുപകരുന്നത് വായനയാണ്.
എല്ലാ വൈവിധ്യങ്ങളുടെയും നാടാണ് ഇന്ത്യ. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ ദേശീയപ്രസ്ഥാനത്തിന്റെ ചരിത്രവും അതിന്റെ നേതാക്കളുടെ വാക്കുകളും പ്രത്യയശാസ്ത്രവുമൊക്കെ നാട് അറിഞ്ഞത് വായനയിലൂടെയാണ്. നല്ല എഴുത്തുകാരാണ് നമ്മേ നേരായ മാര്‍ഗത്തിലൂടെ നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഫെസ്റ്റിവല്‍ ഡയരക്ടര്‍ കല്പറ്റ നാരായണന് അധ്യക്ഷത വഹിച്ചു.