ലോറി ബൈക്കിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം
1486862
Friday, December 13, 2024 10:46 PM IST
കോഴിക്കോട്: ലോറി ബൈക്കിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം. മാത്തറ ഇഎസ്ഐക്ക് സമീപം പുതിയേടത്ത് അൻസില മൻസിൽ അനസിന്റെ മകൾ അൻസില (20) ആണ് മരിച്ചത്. ബൈക്കിൽ കൂടെയുണ്ടായിരുന്ന അൻസിലയുടെ സഹോദരൻ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
കോഴിക്കോട് പന്തീരാങ്കാവ് കൈമ്പാലത്ത് വൈകുന്നേരമാണ് അപകടമുണ്ടായത്. ഒരേ ദിശയില്‍ വന്ന ലോറിയും ബൈക്കുമാണ് അപകടത്തില്‍പെട്ടത്. ലോറിക്ക് മുന്‍പിലായി കാറുണ്ടായിരുന്നു.ലോറി കാറിനെ മറികടക്കാനായി വെട്ടിച്ചതും തൊട്ടുപിറകേ വന്ന ബൈക്ക് ലോറിയെ വെട്ടിക്കാന്‍ ശ്രമിച്ചതും ഒരുമിച്ചായിരുന്നു.
ലോറിയുടെ മുന്‍ഭാഗം ബെക്കില് തട്ടിയതോടെ ബൈക്കിന്റെ പിന്‍സീറ്റിലുണ്ടായിരുന്ന അന്‍സില റോഡിൽ വീണു. തുടര്‍ന്ന് ലോറിയുടെ പിന്‍ചക്രം കയറിയിറങ്ങുകയായിരുന്നു. അന്‍സിലയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ജെഡിടി ഇസ്ലാം കോളജിൽ ഡിഗ്രി വിദ്യാർഥിനിയാണ് അൻസില. മാതാവ്: സാജിദ. സഹോദരങ്ങൾ: അൻഫാസ്, ആയിഷ ഫാത്തിമ, അൻസജ. പിതാവ് വിദേശത്ത് നിന്നെത്തിയ ശേഷം കബറടക്കം നടത്തും.