വയനാട് ദുരന്തം: കേന്ദ്രം കേരളത്തോട് പുലർത്തുന്നത് രാഷ്ട്രീയ വിവേചനമെന്ന് ടി.ജെ. ആഞ്ചലോസ്
1487318
Sunday, December 15, 2024 7:09 AM IST
പേരാമ്പ്ര: ദേശീയ ദുരന്ത നിവാരണ നിധിയില്‍ നിന്നും വയനാടിന് അധിക സഹായമില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും കേരളത്തിലെ ദുരിതബാധിതരോട് മനുഷ്യത്വരഹിതമായ സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ് പേരാമ്പ്രയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.
മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്കിയ പരിഗണന കേരളത്തോടും കാണിക്കണം. വയനാട് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സേന ഉപയോഗിച്ച ഹെലികോപ്പ്ടര്‍ വാടക ഇനത്തില്‍ 132.67 കോടി രൂപ ആവശ്യപ്പെട്ടു കൊണ്ടുള്ള കേന്ദ്ര സര്‍ക്കാർ നിലപാട് പ്രതിഷേധാര്‍ഹമാണ്. ദേശീയ ദുരന്ത നിവാരണ നിധിയില്‍ നിന്നും വയനാടിന് അധിക സഹായമില്ലെന്ന കേന്ദ്ര മന്ത്രിയുടെ പാര്‍ലമെന്റിലെ പ്രഖ്യാപനം കേരളത്തോടുള്ള രാഷ്ട്രീയ വിവേചനമാണ്.
ചൂരല്‍മല-മുണ്ടക്കൈ ദുരന്തത്തെ തീവ്ര സ്വഭാവമുള്ള ദുരന്തമായി കേന്ദ്രം പ്രഖ്യാപിച്ചാല്‍ അന്തര്‍ദേശീയ ഏജന്‍സികളില്‍ നിന്നുള്ള ധന സഹായം ലഭ്യമാകും. ദേശീയ ദുരന്ത നിവാരണ നിയമത്തിലെ വകുപ്പ് 13 പ്രകാരം ദുരിത ബാധിതരുടെ വായ്പ എഴുതി തള്ളുവാന്‍ പോലും തയാറാകാതെ മനുഷ്യത്വരഹിതമായ സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്. ദുരന്തത്തെ എല്‍ 3 പട്ടികയില്‍പ്പെടുത്തിയാല്‍ താല്പര്യമുള്ള പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് പ്രാദേശിക വികസന ഫണ്ട് ഇതിലേക്ക് വിനിയോഗിക്കാം. ഈ സൗകര്യം പോലും കേന്ദ്രം നിഷേധിക്കുകയാണ്. പാര്‍ലമെന്റ് അംഗങ്ങളുടെ നിവേദനം സ്വീകരിച്ചു കൊണ്ട് ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിനെതിരേ പറഞ്ഞ കാര്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങൾ പങ്ക് വച്ചതിലൂടെ വയനാട് എംപി പ്രിയങ്ക ഗാന്ധി സ്വീകരിച്ച നിലപാടും ദുരൂഹമാണ്.
ജനുവരി 17 ന് ഒരു ലക്ഷം തൊഴിലാളികളുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും ആഞ്ചലോസ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസും ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രനും നയിക്കുന്ന രണ്ട് ജാഥകളാണ് സംസ്ഥാനത്ത് പര്യടനം നടത്തുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ റദ്ദാക്കണം. പൊതു മേഖലാ സ്ഥാപനങ്ങളുടെ വില്‍പ്പന നിര്‍ത്തലാക്കണം. സ്ഥിരം തൊഴില്‍ ഇല്ലാതാക്കുവാനും കരാര്‍ തൊഴില്‍ വ്യാപിപ്പിക്കുവാനുമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്.
അദാനി കുംഭകോണം സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണം. ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകരുമായി ചര്‍ച്ച ചെയ്ത് മുന്‍കാല ഒത്ത് തീര്‍പ്പ് വ്യവസ്ഥകള്‍ നടപ്പിലാക്കണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറിമാരായ കെ.ജി. ശിവാനന്ദന്, പി.കെ. നാസര്‍ എന്നിവരും പങ്കെടുത്തു.