മെക്ക് സെവന് വിവാദം: നീരീക്ഷിക്കാന്‍ ഇന്റലിജന്‍സും
1487332
Sunday, December 15, 2024 7:10 AM IST
കോഴിക്കോട്: മലബാർ മേഖലയിലെ വ്യായാമ പരിശീലന കൂട്ടായ്മക്കെതിരേ സിപിഎമ്മും സുന്നി സംഘടനകളും.വ്യായാമ പരിശീലന കൂട്ടായ്മയായ മെക്ക് സെവന് പിന്നില്‍ എസ്ഡിപിഐയും ജമാ അത്തെ ഇസ്ലാമിയുമെന്ന് സിപിഎം ആരോപിച്ചു. ഇവരുടെ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ മുൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുമുണ്ടെന്നും ആരോപണം ഉയരുന്നു. സംഭവം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ഹിന്ദു ഐക്യവേദിയും ആവശ്യപ്പെട്ടു.
മലബാർ മേഖലയിൽ അതിവേഗം പ്രചരിക്കുന്ന ഒരു വ്യായാമ കൂട്ടായ്മ വലിയ വിവാദമായി മാറുകയാണ്. ഈ വാട്സ് ആപ് കൂട്ടായ്മയുടെ അഡ്മിന് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ളവരാണ് എന്ന ആരോപണമാണ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന് ഉയര്‍ത്തിയത്.
സംസ്ഥാന ഇന്റലിജന്‍സും സംഭവം നീരീക്ഷിച്ചുവരികയാണ്. കോഴിക്കോട് ബീച്ചില്‍ ഉള്‍പ്പെടെ അതിരാവിലെയാണ് ഈ വ്യായാമ മുറ നടക്കുന്നത്.
മെക്ക് സെവൻ എന്നറിയപ്പെടുന്ന മള്‍ട്ടി എക്സര്‍സൈസ് കോമ്പിനേഷന്‍ വ്യായാമത്തിനെതിരേ ഒരു വിഭാഗം സുന്നി നേതാക്കളും രംഗത്തെത്തി. മെക് സെവന് പിന്നിൽ ജമാഅത്തെ ഇസ്ലാമിയാണെന്നും സുന്നി വിശ്വാസികൾ ഇതിൽ പെട്ടുപോകരുതെന്നുമാണ് സമസ്ത നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.
അതേസമയം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളിൽപ്പെട്ടവരും കൂട്ടായ്മയിൽ ഉണ്ടെന്നുമാണ് മെക് സെവൻ അധികൃതരുടെ വിശദീകരണം.
മെക് സെവൻ കൂട്ടായ്മക്ക് പിന്നിൽ ജമാഅത്തെ ഇസ്ലാമിയോ പോപ്പുലർ ഫ്രണ്ടോ അല്ലെന്ന് മെക് സെവൻ കൂട്ടായ്മ കാലിക്കട്ട് ചീഫ് കോ ഓഡിനേറ്റർ ടി.പി.എം. ഹാഷിറലി വ്യക്തമാക്കി. ആരോഗ്യ സംരക്ഷണത്തിന് 21 മിനുറ്റ് നീളുന്ന വ്യായാമ പദ്ധതിയാണ് മെക് സെവൻ. മലപ്പുറം തുറക്കലിലെ മുൻ സൈനിക ഉദ്യോഗസ്ഥനായിരുന്ന ക്യാപ്റ്റൻ സ്വലാഹുദ്ധീനാണ് മെക് സെവന് നേതൃത്വം നൽകുന്നത്.
2022 ലാണ് ഈ കൂട്ടായ്മ തുടങ്ങുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ മലബാറില്‍ മെക് സെവന്റെ ആയിരത്തോളം യൂണിറ്റുകള്‍ വന്നു. വലിയ തോതില്‍ ആളുകള്‍ ഈ ഗ്രൂപ്പിന്റെ ഭാഗമാവുന്നതിന് പിന്നാലെയാണ് ഇപ്പോള്‍ വിവാദവും വരുന്നത്.