ബാങ്ക് വായ്പ തിരിച്ചടച്ചില്ല; ഇടപാടുകാരനെ കോടതി ജയിലിലേക്കയച്ചു
1486389
Thursday, December 12, 2024 2:49 AM IST
നാദാപുരം: ബാങ്കിൽ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാത്തതിന് ഇടപാടുകാരനെ കോടതി ജയിലിലയച്ചു. തൂണേരി വേറ്റുമ്മൽ സ്വദേശി കൂവന്റെവിട ബാലനെ (55) ആണ് കല്ലാച്ചി മുൻസിഫ് ബി. യദു കൃഷ്ണ കണ്ണൂർ സിവിൽ ജയിലിലേക്ക് അയച്ചത്. ഒരു മാസത്തേക്കാണ് കോടതി നടപടി സ്വീകരിച്ചത്.
ബാലൻ ഇരിങ്ങണ്ണൂർ സർവീസ് സഹകരണ ബാങ്കിൽ നിന്ന് വായ്പ എടുത്തിരുന്നു. എന്നാൽ തുക അടക്കുന്നതിൽ ഇയാൾ വീഴ്ച്ച വരുത്തുകയായിരുന്നു. പലിശ ഉൾപ്പെടെ മൂന്ന് ലക്ഷത്തിൽ പരം രൂപ അടയ്ക്കാത്തതിനാൽ ബാങ്ക് കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ഗഡുക്കളായെങ്കിലും തുക അടക്കാൻ കോടതി ഏപ്രിൽ മാസത്തിൽ ഉത്തരവിട്ടിരുന്നെങ്കിലും പണം അടക്കാൻ ഇടപാടുകാരൻ തയാറായില്ല.
ഇതിനിടെ കോടതി നടത്തിയ പരിശോധനയിൽ ഇയാൾക്ക് വായ്പ തിരിച്ചടക്കാൻ വരുമാനമുണ്ടെന്ന് കണ്ടെത്തിയിരുന്നു. പല തവണകളായി പണം അടക്കാൻ ഇളവുകൾ ഏറെ നൽകിയിരുന്നെങ്കിലും ഇയാൾ സന്നദ്ധനായില്ല. കൂടാതെ കേസിനിടയിൽ കോടതിയിൽനിന്ന് ഓടി പോയതിനും ഇയാൾക്കെതിരേ കേസ് നിലവിലുണ്ട്. ജയിലിൽ കഴിയുന്ന ഒരു മാസത്തെ ഇയാളുടെ മുഴുവൻ ചെലവുകളും ബാങ്ക് വഹിക്കണമെന്നും ഉത്തരവിൽ ഉണ്ട്.