ഓമശേരി പഞ്ചായത്ത് ഭരണസമിതി കിടപ്പ് സമരം നടത്തി
1486644
Friday, December 13, 2024 4:21 AM IST
താമരശേരി: ജല ജീവൻ മിഷനു വേണ്ടി വെട്ടിപ്പൊളിച്ച് കാൽനട പോലും ദുസഹമായ ഗ്രാമീണ റോഡുകൾ പൂർവ സ്ഥിതിയിലാക്കണമെന്നാവശ്യപ്പെട്ട് ഓമശേരി പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ കോഴിക്കോട് മലാപറമ്പിലുള്ള കേരള വാട്ടർ അഥോറിറ്റിയുടെ ജില്ലാ ഓഫീസിനു മുന്നിൽ കിടപ്പ് സമരം നടത്തി.
രാവിലെ പത്തിന് ജില്ലാ എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിനു മുന്നിലെത്തിയ ജനപ്രതിനിധികൾ മുദ്രാവാക്യം വിളികളുമായി നിലത്ത് കിടന്ന് പ്രതിഷേധിക്കുകയായിരുന്നു. പ്രശ്നത്തിന് പരിഹാരമാവാതെ തിരിച്ചു പോകില്ലെന്ന് പ്രഖ്യാപിച്ച് കിടന്ന് പ്രതിഷേധിച്ച ജനപ്രതിനിധികളുടെ ആവശ്യങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷം അധികൃതർ അംഗീകരിച്ചു. തീരുമാനങ്ങൾ ബന്ധപ്പെട്ടവർ എഴുതി ഒപ്പിട്ട് നൽകിയതോടെ വൈകുന്നേരം നാലോടെ കിടപ്പ് സമരം അവസാനിച്ചു. കിടപ്പ് സമരം ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ്മുക്ക് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫാത്തിമ അബു, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് തട്ടാഞ്ചേരി, പഞ്ചായത്തംഗങ്ങളായ പി. അബ്ദുൽ നാസർ, എം.എം. രാധാമണി, സൈനുദ്ദീൻ കൊളത്തക്കര, ഒ.പി. സുഹറ, കെ. ആനന്ദകൃഷ്ണൻ, എം. ഷീജ ബാബു, സി.എ. ആയിഷ, അശോകൻ പുനത്തിൽ, മൂസ നെടിയേടത്ത് എന്നിവർ പ്രസംഗിച്ചു.