മുതുകുന്നു മല ഇടിച്ചു നിരത്തിയുള്ള മണ്ണ് ഖനനം തടയണം: കോൺഗ്രസ്
1487329
Sunday, December 15, 2024 7:10 AM IST
പേരാമ്പ്ര: നൊച്ചാട് പഞ്ചായത്തിലെ മുതുകുന്നു മലയിൽ റോഡ് നിർമാണത്തിന്റെ പേരിൽ മണ്ണ് ഖനനം ആരംഭിച്ചത് നിർത്തി വയ്ക്കണമെന്ന് കോൺഗ്രസ് നൊച്ചാട് മണ്ഡലം കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പരിസ്ഥിതി പ്രശ്നങ്ങളുടെ പേരിൽ ഖനനം തടയാതിരിക്കാൻ നാഷണൽ ഹൈവേയ്ക്ക് മണ്ണ് നിറയ്ക്കാൻ എന്ന പേരിൽ വാഗഡ് എന്ന കമ്പനിയുമായി ഉടമ്പടി ചെയ്താണ് മലയിടിക്കൽ ആരംഭിച്ചത്.
വക്ക എന്ന പേരിൽ രൂപികരിച്ച കമ്പനി മുതുകുന്നു മലയുടെ മുകളിൽ വാങ്ങിയ 15 ഏക്കർ സ്ഥലത്ത് റിസോർട്ട് ഒരുക്കുവാൻ വേണ്ടിയാണ് ഖനനം ആരംഭിച്ചത്. 7000 ക്യുബിക് അടി വലുപ്പമുള്ള ടോറസ് ലോറികളിലാണ് ഇപ്പോൾ മണ്ണ് നീക്കം നടക്കുന്നത്. അടുത്ത ദിവസങ്ങളിൽ ഇത്തരം ഇരുപതോളം ലോറികൾ എത്തുമെന്ന സൂചനയുണ്ട്.
വക്ക റിസോർട്ടിലേക്കുള്ള റോഡ് നിർമാണം പൂർത്തിയായിക്കഴിഞ്ഞാൽ മലയുടെ മുകൾ ഭാഗത്ത് പത്ത് ഏക്കറോളം മുഴുവനായും നിരപ്പാക്കുമെന്ന് അറിയുന്നു. ഇത് നിരവധി പരിസ്ഥിതി പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നാണ് വിദഗ്ധാഭിപ്രായം. മുതുകുന്നു മലയുടെ സമീപത്ത് നൊച്ചാട്, അരിക്കുളം പഞ്ചായത്തുകളിലായി ധാരാളം കുടുംബങ്ങൾ ഇട തിങ്ങി താമസിക്കുന്നുണ്ട്.
അധികാരികൾ നിസംഗത തുടർന്നാൽ കിണറുകളിലെ നീരുറവ പോലും വറ്റാനും കാർഷിക പ്രവർത്തനങ്ങൾ പൂർണമായി ഇല്ലാതാകാനും വയനാട് മോഡൽ ദുരന്തം ഏറ്റുവാങ്ങാനും അധിക കാലം കാത്തിരിക്കേണ്ടി വരില്ല. ജൽ ജീവൻ മിഷന്റെ 20 ലക്ഷം ലിറ്റർ കപ്പാസിറ്റിയിൽ നിർമിച്ചു വരുന്ന വാട്ടർ ടാങ്കിനും മണ്ണ് ഖനനം പ്രതിസന്ധിയുണ്ടാക്കുമെന്ന് അഭിപ്രായും ഉയരുന്നുണ്ട്.