റോഡ് പ്രവൃത്തി പാതിവഴിയിൽ തന്നെ
1486987
Saturday, December 14, 2024 5:43 AM IST
ചെറുവാടി ഗ്രൗണ്ട് ഉപയോഗ ശൂന്യം
മുക്കം: ഏഴ്കോടി രൂപ ചെലവിൽ നവീകരിക്കുന്ന ചുള്ളിക്കാപറമ്പ്- ചെറുവാടി - കവിലട റോഡ് പ്രവൃത്തി പാതിവഴിയിൽ നിലച്ചതിന് പിന്നാലെ റോഡ് പ്രവൃത്തിയുടെ ഭാഗമായി ഉപയോഗ ശൂന്യമായി ഒരു മൈതാനവും. കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി മൈതാനമാണ് അധികൃതരുടെ അനാസ്ഥ മൂലം ഉപയോഗിക്കാൻ പറ്റാതായത്.
റോഡ് പ്രവൃത്തി ആരംഭിച്ച സമയത്ത് ചുള്ളിക്കാപറമ്പിൽ നിന്ന് ചെറുവാടിയിലേക്കും തിരിച്ചും യാത്ര തടസമായപ്പോൾ ഗ്രൗണ്ട് ഗതാഗതത്തിനായി തുറന്ന് കൊടുക്കുകയായിരുന്നു. ചെറുതും വലുതുമായ നിരവധി വാഹനങ്ങൾ കനത്ത മഴയിൽ ഗ്രൗണ്ടിലൂടെ പോയപ്പോൾ ഗ്രൗണ്ട് ചെളിക്കുളമാവുകയും വലിയ കുഴികൾ രൂപപ്പെടുകയും ചെയ്തു. റോഡ് പ്രവൃത്തിയുടെ ഭാഗമായുള്ള മണ്ണും കല്ലും കൂട്ടിയിട്ടതോടെ ഗ്രൗണ്ടിലേക്ക് ഇറങ്ങാൻ പോലും പറ്റാത്ത അവസ്ഥയാണ്.
നാട്ടിലെ ചെറുപ്പക്കാരും ചെറുവാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളും കളിച്ചിരുന്നതും പരിശീലനം നടത്തിയിരുന്നതും ഈ ഗ്രൗണ്ടിലായിരുന്നു. ഈ പരിശീലനവും ഒന്നര വർഷത്തോളമായി മുടങ്ങിക്കിടക്കുകയാണ്. ഗ്രൗണ്ടിലേക്ക് ഇറങ്ങാനായി ഒരു റാമ്പ് പോലും നിർമിച്ചിട്ടുമില്ല. നിരവധി പേർ കളിക്കാനും നാട്ടിലെ പൊതുപരിപാടികൾക്കുമെല്ലാം ഉപയോഗിച്ചിരുന്ന ഈ ഗ്രൗണ്ട് എത്രയും പെട്ടെന്ന് പൂർവസ്ഥിതിയിലാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.