ഭാര്യയെയും മക്കളെയും പെട്രോളൊഴിച്ച് കത്തിച്ച് കൊല്ലാന്‍ ശ്രമം; മധ്യവയസ്കന് അറസ്റ്റിൽ
1486387
Thursday, December 12, 2024 2:49 AM IST
ചങ്ങരംകുളം: ഉറങ്ങി കിടന്ന ഭാര്യയെയും മക്കളെയും പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം കീഴൂര്‍ സ്വദേശി എഴുത്തുപുരക്കല്‍ ജിജി (53)യെയാണ് ചങ്ങരംകുളം സിഐ ഷൈനിന്റെയും എസ്ഐ റോബര്‍ട്ട് ചിറ്റിലപ്പിള്ളിയുടെയും നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.
ചങ്ങരംകുളം കല്ലുര്‍മയില്‍ ഭര്‍ത്താവ് ജിജിയുമായി അകന്ന് വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു യുവതി. കഴിഞ്ഞദിവസം രാത്രി 12 മണിയോടെ യുവതിയും രണ്ട് പെണ്മക്കളും ഉറങ്ങുന്നതിനിടെയാണ് പ്രതി ജിജി ഇവരുടെ താമസ സ്ഥലത്തെത്തിയത്.
ജനല്‍ വഴി പെട്രോള്‍ ഒഴിച്ചശേഷം ഇയാള്‍ മുറിയില്‍ തീയിടുകയായിരുന്നു. ശബ്ദം കേട്ട് ഉണര്‍ന്ന വീട്ടമ്മയും മക്കളും വാതില്‍ തുറന്ന് പുറത്തേക്ക് ഓടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
സംഭവത്തിന് ശേഷം ഒളിവില്‍പോയ ജിജിയെ ചങ്ങരംകുളത്ത് നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. പ്രതിക്കെതിരേവധശ്രമത്തിന് പോലീസ് കേസെടുത്തു. സംഭവ സ്ഥലത്ത് ഫോറന്‍സിക് വിഭാഗവും വിരലടയാള വിദഗ്ധരും തെളിവെടുപ്പ് നടത്തി. പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. തുടര്‍ന്ന് പൊന്നാനി ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.