കൈനാട്ടി കാർ അപകടം: പ്രതിക്കെതിരേ ഇൻഷ്വറൻസ് തുക തട്ടിയെടുത്തതിന് കേസ്
1487331
Sunday, December 15, 2024 7:10 AM IST
നാദാപുരം: കൈനാട്ടിയിൽ മുത്തശിയെയും പേരക്കുട്ടിയെയും ഇടിച്ച് വീഴ്ത്തി നിർത്താതെ പോയ കേസിലെ പ്രതിയായ കാർ ഡ്രൈവർക്കെതിരേ ഇൻഷ്വറൻസ് തുക തട്ടി എടുക്കാനായി വ്യാജ രേഖ ചമച്ച സംഭവത്തിൽ നാദാപുരം പോലീസ് കേസെടുത്തു. പുറമേരി സ്വദേശി മീത്തലെ പുനത്തിൽ സി. ഷജീൽ (36) നെതിരേയാണ് നാദാപുരം പോലീസ് കേസെടുത്തത്.
പ്രതിയുടെ കെഎൽ 18 ആർ 1846 നമ്പർ കാറിന്റെ ഇൻഷ്വറൻസ് തുക തട്ടി എടുക്കാനായി കാർ മതിലിന് ഇടിച്ച് അപകടമുണ്ടായതായി വ്യാജ ഫോട്ടോ നിർമിച്ച് ഇൻഷ്വറൻസ് സർവ്വയർക്ക് സമർപ്പിച്ച് കമ്പനിയെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയെടുത്തെന്നാണ് കേസ്. 36590 രൂപയാണ് പ്രതി കമ്പനിയിൽനിന്ന് തട്ടി എടുത്തത്.
അപകടത്തിൽപ്പെട്ട വീട്ടമ്മ മരണപ്പെടുകയും ഗുരുതരമായി പരിക്കേറ്റ പേരക്കുട്ടി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി.വി. ബെന്നിയും സംഘവും നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും ഇടിച്ച് വീഴ്ത്തി നിർത്താതെ പോയ കാർ തിരിച്ചറിഞ്ഞത്. നിലവിൽ പ്രതി ഷജീൽ വിദേശത്താണ് ഉള്ളത്. 2024 ഫെബ്രുവരി 18 നാണ് കൈന്നാട്ടിയിൽ ഷജീലും ഭാര്യയും സഞ്ചരിച്ചിരുന്ന കാർ അപകടം ഉണ്ടാക്കിയത്. നിർത്താതെ ഓടിച്ച് പോയ കാർ ഫെബ്രുവരി 23 ന് പുറമേരി വെള്ളൂർ റോഡിലെ വർക്ക് ഷോപ്പിൽവച്ച് മതിലിൽ ഇടിച്ച് അപകടത്തിൽ പെട്ടെന്ന് വരുത്തി തീർത്താണ് ഇൻഷ്വറൻസ് കമ്പനിയെ വഞ്ചിച്ചത്.