‘തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വെട്ടികുറയ്ക്കുന്ന നടപടികൾ പിൻവലിക്കണം’
1486988
Saturday, December 14, 2024 5:43 AM IST
പേരാമ്പ്ര: ഗവ. ഫാം തൊഴിലാളികളുടെ നിലവിലുള്ള ആനുകൂല്യങ്ങൾ വെട്ടികുറയ്ക്കുന്ന കൃഷി വകുപ്പിന്റെ നടപടികൾ പിൻവലിക്കണമെന്ന് ഫാം വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കേരളത്തിലെ കൃഷിഫാം തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകൾ പരിഷ്കരിക്കുന്നതിനുവേണ്ടി നിശ്ചയിച്ച സമിതികളുടെ ശിപാർശ പ്രകാരം അംഗീകരിച്ച് നടപ്പിലാക്കിയ അവകാശങ്ങളാണ് വെട്ടിക്കുറയ്ക്കുകയും പരിമിതപ്പെടുത്തുകയും ചെയ്തിരിക്കുന്നത്.
സ്ഥിരം തൊഴിലാളികൾക്ക് വർഷത്തിൽ 20 കാഷ്വൽ ലീവ് എന്നത് 15 ആയി കുറച്ചും, ഞായറാഴ്ച ഒഴികെ പൊതു ഒഴിവുകൾ 13 ആയി നിജപ്പെടുത്തിയും, സ്പെഷൽ കാഷ്വൽ ലീവ് എന്നത് പ്രത്യേക അവശതാ അവധിയെന്നും തിരുത്തൽ വരുത്തിയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഇത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ കൂത്താളി, പേരാമ്പ്ര, പുതുപ്പാടി, തിക്കോടി ഫാമുകളിൽ സിഐടിയുവിന്റെ നേതൃത്വത്തിൽ തൊഴിലാളികൾ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. കൂത്താളി ജില്ലാ കൃഷിഫാമിൽ യൂണിയൻ ജില്ലാ സെക്രട്ടറി എൻ.പി. ബാബു ഉദ്ഘാടനം ചെയ്തു. കെ. റീന അധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് ടി.കെ. ജ്യോഷിബ, വി.കെ. രേഷ്മ, ഷൈജ പ്രകാശ്, തുടങ്ങിയവർ നേതൃത്വം നൽകി.