മുസ്ലിം ലീഗ് ഗ്രാമയാത്ര സമാപിച്ചു
1599673
Tuesday, October 14, 2025 7:50 AM IST
കരുവാരകുണ്ട്: ജനവിരുദ്ധ ഭരണത്തിന്റെ ജനകീയ വിചാരണ എന്ന പ്രമേയത്തിൽ മുസ്ലിം ലീഗ് നടത്തിയ ത്രിദിന ഗ്രാമയാത്രക്ക് ഉജ്വല സമാപ്തി. പുത്തനഴി താഴെ പുളിയക്കോട് നിന്ന് ആരംഭിച്ച യാത്ര ഞായറാഴ്ച രാത്രി എട്ടിന് തരിശിൽ സമാപിച്ചു. സമാപന ദിവസത്തെ യാത്ര വണ്ടൂർ നിയോജക മണ്ഡലം ലീഗ് പ്രസിഡന്റ് ഖാലിദ് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. കരുവാരകുണ്ട് പഞ്ചായത്ത് ഭരണ സമിതിയുടെ കെടുകാര്യസ്ഥത തുറന്ന് കാട്ടുന്നതായിരുന്നു ഗ്രാമയാത്ര.
ഭരണസമിതിയുടെ ഫണ്ട് ദുരുപയോഗം, പദ്ധതികൾ നടപ്പാക്കുന്നതിലെ വീഴ്ച, സുതാര്യതയുടെ അഭാവം, വികസന പ്രവർത്തനങ്ങളിലെ അനാസ്ഥ എന്നിവ ആരോപിച്ചാണ് ഗ്രാമങ്ങൾ തോറും സ്വീകരണയോഗങ്ങൾ നടത്തിയത്. എൻ.ഉണ്ണീൻകുട്ടിയായിരുന്നു ജാഥാക്യാപ്റ്റൻ. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം തരിശിൽ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എൻ.കെ.അഫ്സലുറഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. വൈസ് ക്യാപ്റ്റൻ എം.കെ. മുഹമ്മദാലി, ഡയറക്ടർ പി.കെ. നാസർ, ചീഫ് കോ ഓർഡിനേറ്റർ എം.ഫിയാസ്, പഞ്ചായത്ത് ലീഗ് ഭാരവാഹികളായ എ.കെ. ഹംസക്കുട്ടി, കെ.ടി. ഷിഹാബ്, ഹംസഹാജി, സുബ്ഹാൻ, സലാം ഫൈസി തുടങ്ങിയവർ നേതൃത്വം നൽകി.