പൂക്കോട്ടുംപാടം - നടുക്കുന്ന് റോഡ് ഉദ്ഘാടനം
1545022
Thursday, April 24, 2025 5:23 AM IST
പൂക്കോട്ടുംപാടം: ഒരു നാടിന്റെ നാൽപത്തിയഞ്ച് വർഷത്തെ യാത്രാ ക്ലേശത്തിന് വിരാമമിട്ട് പൂക്കോട്ടുംപാടം -നടുക്കുന്ന് റോഡ് നാടിന് സമർപ്പിച്ചു. നടുക്കുന്ന് പ്രദേശവാസികൾക്ക് പെരുന്പിലാവ് സംസ്ഥാന പാതയുമായി ഏറ്റവും ചുരുങ്ങിയ ദൂരത്തിൽ എത്തിപ്പെടാൻ കഴിയുന്ന നടുക്കുന്ന് പൂക്കോട്ടുംപാടം റോഡും കലുങ്കും പൂർത്തീകരിച്ച് നാടിന് സമർപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്തിന്റെ 2024 -25 പദ്ധതിയിൽ ഉൾപ്പെടുത്തി 16 ലക്ഷം രൂപ ചെലവിലാണ് റോഡ് പൂർത്തീകരിച്ചത്. കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. തങ്കമ്മു ഉദ്ഘാടനം ചെയ്തു. അമരന്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കൽ ഹുസൈൻ അധ്യക്ഷനായിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. രാജൻ, പഞ്ചായത്ത് അംഗങ്ങളായ വി.പി. അഫീഫ, സുനിത നൊട്ടത്ത്, പഞ്ചായത്ത് മുൻ പ്രസിഡന്റ് എം.എം. കൃഷ്ണൻകുട്ടി, മുൻ അംഗം പി.വി. കരുണാകരൻ, കുട്ടൻ എന്നിവർ പ്രസംഗിച്ചു.