നിയമങ്ങൾക്ക് പുല്ലുവില; വണ്ടൂർ-കാളികാവ് റോഡിൽ സീബ്രാലൈൻ അവഗണിച്ച് അപകട യാത്ര
1544738
Wednesday, April 23, 2025 5:51 AM IST
വണ്ടൂർ: വണ്ടൂർ-കാളികാവ് റോഡിൽ ആശുപത്രിക്ക് മുൻവശത്തെ സീബ്രാ ലൈനുകൾ അവഗണിച്ച് അപകട യാത്ര ചെയ്യുന്നതായി പരാതി. വേഗത്തിൽ എത്തുന്ന വാഹനങ്ങൾ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടക്കുന്നവരെ കണ്ട് നിർത്താത്തതാണ് ഭീഷണിയാകുന്നത്. പലപ്പോഴും ആളുകൾ അപകടത്തിൽ പെടാതെ കഷ്ടിച്ചാണ് രക്ഷപ്പെടുന്നത്. ആശുപത്രിയിലേക്ക് പോകുന്നവർ, നഴ്സിംഗ് കോളജിലേക്കുള്ള വിദ്യാർഥിനികൾ എന്നിവരാണ് പ്രധാനമായും സീബ്രാലൈനിനെ ആശ്രയിക്കുന്നത്.
ആളുകൾ സീബ്രാ ലൈൻ മുറിച്ചു കടക്കുന്പോൾ ഇതുവഴി വരുന്ന വാഹനങ്ങൾ വേഗത കുറയ്ക്കുകയോ നിർത്തുകയോ ചെയ്യുന്നില്ല എന്നാണ് പരാതി. പകരം വെട്ടിച്ച് കടന്നുപോവുകയാണ്. ഇക്കാരണത്താൽ ഇവിടെ അപകടങ്ങളും പതിവാണ്.
കാളികാവ് ഭാഗത്തേക്ക് പോകുന്ന കെഎസ്ആർടിസി അടക്കമുള്ള ബസുകൾ മിക്കപ്പോഴും സീബ്രാ ലൈനിലാണ് നിർത്തി ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നത്. ഇറക്കവും വളവും ചേർന്ന ഭാഗമായതിനാൽ വലിയൊരു ദുരന്തത്തിന് കാത്തുനിൽക്കാതെ ഇക്കാര്യത്തിൽ അധികൃതർ ഇടപെടണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.