അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത്: പ്രതിപക്ഷം സമരത്തിലേക്ക്
1544726
Wednesday, April 23, 2025 5:48 AM IST
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് ഭരണസമിതി 113 ലക്ഷം രൂപ നഷ്ടപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രസിഡന്റ് രാജിവയ്ക്കണമെന്നും പ്രതിപക്ഷ വാർഡുകളോട് കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം സമരത്തിലേക്ക്.
തുക നഷ്ടപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കണമെന്നും സംസ്ഥാന സർക്കാരിനെതിരായ കള്ളപ്രചാരണം അവസാനിപ്പിക്കണമെന്നും പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു.
2024-25 വാർഷിക പദ്ധതിയിൽ പഞ്ചായത്ത് 113 ലക്ഷം രൂപ ലാപ്സാക്കി. 300 പ്രോജക്ടുകൾ നടപ്പാക്കിയില്ല. മുഖം രക്ഷിക്കാൻ കള്ളപ്രചാരണം നടത്തുകയാണ് പ്രസിഡന്റെന്നും പ്രതിപക്ഷം ആരോപിച്ചു.2024-25 വാർഷിക പദ്ധതിക്ക് അനുവദിച്ച തുക സമയബന്ധിതമായി ചെലവഴിക്കാതെ സർക്കാരിനെ കുറ്റം പറഞ്ഞു രക്ഷപ്പെടാനുള്ള ശ്രമം യുഡിഎഫ് നേതൃത്വം നൽകുന്ന പഞ്ചായത്ത് നേതൃത്വം തുടരുകയാണ്.
കഴിഞ്ഞവർഷം 25 ലക്ഷം രൂപ ലാപ്സാക്കിയിരുന്നു. സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകൾ 941 ആണ്. ഇതിൽ പദ്ധതിവിഹിതം ചെലവഴിച്ചതിൽ അങ്ങാടിപ്പുറത്തിന്റെ സ്ഥാനം 778 ആണ്. സംസ്ഥാനത്ത് പദ്ധതിവിഹിതം ചെലവഴിച്ചതിൽ ഏറ്റവും പിറകിലുള്ള 165 പഞ്ചായത്തുകളിൽ അങ്ങാടിപ്പുറവുമുണ്ട്.
സർക്കാർ അനുവദിച്ച ഏഴ് കോടി 77 ലക്ഷം രൂപയിൽ ആറ് കോടി 64 ലക്ഷം രൂപയാണ് മാർച്ച് 31നകം ചെലവഴിച്ചത്. 113 ലക്ഷം ലാപ്സാക്കി പദ്ധതി പ്രവർത്തനങ്ങൾ നടപ്പാക്കാതെയും അനുവദിച്ച തുക ചെലവഴിക്കാൻ കഴിയാതെയും ജനങ്ങളുടെ മുന്നിൽ അപഹാസ്യരായി നിൽക്കുന്പോൾ മുഖം രക്ഷിക്കാൻ ശ്രമിക്കുകയാണ് പഞ്ചായത്ത് പ്രസിഡന്റ്.
പദ്ധതി രേഖക്ക് അംഗീകാരം ലഭിച്ചാൽ എല്ലാ മാസവും റിവ്യൂ നടത്തി പുരോഗതി വിലയിരുത്തണം. ഇവിടെ അതുണ്ടായില്ല. 2024 ഡിസംബർ വരെ ഒരു പ്രോജക്ടിനു പോലും ടിഎസ് വാങ്ങാൻ കഴിയാത്ത സംസ്ഥാനത്തെ ഏക പഞ്ചായത്താണ് അങ്ങാടിപ്പുറമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
കഴിഞ്ഞദിവസം ചേർന്ന ഭരണസമിതി യോഗത്തിൽ ഇക്കാര്യം പ്രതിപക്ഷം ഉന്നയിച്ചെങ്കിലും യഥാർഥ കണക്ക് അവതരിപ്പിക്കാൻ പ്രസിഡന്റിന് കഴിഞ്ഞില്ല. യുഡിഎഫ് ഭരണസമിതിക്കെതിരേ സമര പരിപാടികൾ തുടങ്ങുമെന്നും പ്രതിപക്ഷം അറിയിച്ചു.