കരുവാരകുണ്ടിൽ കാറ്റും മഴയും; ആയിരക്കണക്കിന് നേന്ത്രവാഴകൾ നിലംപൊത്തി
1536060
Monday, March 24, 2025 5:55 AM IST
കരുവാരകുണ്ട്: മലയോര മേഖലയായ കരുവാരകുണ്ടിൽ വീശിയടിച്ച ശക്തമായ കാറ്റിൽ ആയിരക്കണക്കിന് നേന്ത്രവാഴകൾ നിലംപൊത്തി. കാറ്റിൽ മരങ്ങൾ കടപുഴകി വീണ് വീടുകളും ഭാഗികമായി തകർന്നു. പുൽവെട്ട, കക്കറ, വട്ടമല, കരിങ്കന്തോണി, പയ്യാക്കോട് ഭാഗങ്ങളിലാണ് നാശങ്ങൾ കൂടുതൽ സംഭവിച്ചത്. വൻതോതിൽ കൃഷിനാശം സംഭവിച്ചിട്ടുണ്ട്.
റബർ, തെങ്ങ്, കമുക്, വാഴ, കൊക്കോ തുടങ്ങിയവയാണ് കൂടുതലും നശിച്ചത്. വട്ടമലയിൽ മാത്രം ഏക്കർക്കണക്കിന് സ്ഥലത്തെ വാഴകളാണ് നിലംപൊത്തിയത്. കക്കറയിലെ ചെരിപുറത്ത് സക്കീർ ബാബുവിന്റെ വീട്ടുമുറ്റത്തെ മാവ് വീണ് ശുചിമുറി തകർന്നു. വേങ്ങയിൽ റഫീക്കിന്റെ വീടിന് മുകളിൽ മരം വീണു ജലസംഭരണി പൊട്ടി. മാറാശേരി ഷെരീഫ് താമസിക്കുന്ന ഷെഡിന്റെ ഷീറ്റുകൾ കാറ്റിൽ തകർന്നു.
കക്കറ സിപിഎം പാർട്ടി ഓഫീസിനു മുകളിൽ റബർ മരങ്ങൾ വീണ് കേടുപാടുകൾ സംഭവിച്ചു. ചുള്ളിയോട്ടിലെ പ്ലാത്തോട്ടത്തിൽ ജോണ്, പുലിയോടൻ ഷാജഹാൻ, പാറക്കോട്ടിൽ അനിസ്റ്റോ എന്നിവരുടെ വീടുകൾക്കു മുകളിലും മരംവീണ് നാശമുണ്ടായി. വേളൂക്കര ഷാജിയുടെ വീടിന്റെ മേൽക്കൂര കാറ്റിൽ തകർന്നു.
പാറക്കോട്ടിൽ ബാബുവിന്റെ കോഴികളെ വളർത്തുന്ന ഷെഡും മരം വീണ് തകർന്നു. ചെമ്മൻകുഴിയിൽ നൗഫൽ, സി.കെ.മൂസ, കാപ്പിൽ നൗഷാദ്, ചുണ്ടിയൻമൂച്ചി ഹനീഫ, കൊപ്പൻ നൗഫൽ തുടങ്ങിയവർക്കാണ് കൂടുതലും കൃഷി നാശം സംഭവിച്ചത്. വിളവെടുക്കാറായ നിരവധി വാഴകളാണ് നിലംപൊത്തിയത്.