ജില്ലാ ലീഗ് ഫുട്ബോളില്‍ വീണ്ടും തെരട്ടമ്മല്‍ ടീം
1484306
Wednesday, December 4, 2024 5:17 AM IST
മലപ്പുറം: ഉബൈദും ഷറഫലിയും ജാബിറും ഉള്‍പ്പെടെ കാല് ഡസണ്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ജന്മം നല്കിയ ഗ്രാമമാണ് അരീക്കോട്ടെ തെരട്ടമ്മല്‍. ഇവിടെ നിന്ന് സംസ്ഥാനത്തിനും യൂണിവേഴ്സിറ്റികള്‍ക്കും ജില്ലാ ടീമുകള്‍ക്കും പന്ത് തട്ടിയവര്‍ നൂറുക്കണക്കിന് വരും. പക്ഷേ, കേരളത്തിലെ ബ്രസീല്‍ എന്ന് അറിയപ്പെടുന്ന ഈ ചാലിയാര്‍ തീരത്തെ ഗ്രാമത്തില്‍ നിന്ന് കഴിഞ്ഞ 10 വര്‍ഷമായി ജില്ലാ ലീഗില്‍ പോലും കളിക്കാന്‍ ഒരു ടീം ഉണ്ടായിരുന്നില്ല. ആ ഒരു കുറവ് നികത്താന്‍ നാട്ടിലെ യുവാക്കള്‍ രംഗത്തിറങ്ങി. അതോടെ മലപ്പുറം ജില്ലാ ലീഗ് ജി ഡിവിഷനില്‍ തെരട്ടമ്മല്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് പിറവി കൊണ്ടു. ആദ്യ സീസണില്‍ തന്നെ ജി ഡിവിഷന് ലീഗ് മത്സരങ്ങള്‍ക്ക് ആതിഥേയരാകുന്നത് തെരട്ടമ്മല്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലാബാണ്.
ഇവിടെ നിന്നുള്ള നാഷണല്‍ സ്പോര്‍ട്സ് ക്ലബ് തെരട്ടമ്മല്‍ നിരവധി വര്‍ഷം മലപ്പുറം ജില്ലാ ലീഗിന്റെ ടോപ് ഡിവിഷനില്‍ തകര്‍ത്തു കളിച്ചിരുന്നു. എന്നാല്‍ 2014 ല്‍ ഡി ഡിവിഷനില്‍ കളിക്കെ ടീമിന്റെ രജിസ്ട്രേഷന് നഷ്ടമായി. പിന്നീട് തെരട്ടമ്മല്‍ എന്ന ഫുട്ബോള്‍ ഗ്രാമത്തെ പ്രതിനിധീകരിക്കാന്‍ ഒഫീഷ്യല്‍ ടീമുകള്‍ ഒന്നും ഇല്ലാതെയായി. അതിനൊരു പരിഹാരമാണ് ഇപ്പോള്‍ നാട്ടിലെ യുവാക്കള്‍ ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്.
പഴയകാല കളിക്കാര്‍ രക്ഷാധികാരികളായും ജസീര്‍ കാരണത്ത്, യാസര്‍ കാരണത്ത്, ഷഹബാസ് സലീല്‍, ഫക്രുദീന്‍, ഷമീല്‍ ചെമ്പകത്ത്, ഷാനില്‍ ചെമ്പകത്ത് പോലെയുള്ള പ്രമുഖ കളിക്കാരെയും പരിശീലകരെയും കമ്മിറ്റി അംഗങ്ങളാക്കിയുമാണ് തെരട്ടമ്മല്‍ ക്ലബ് രൂപീകരിച്ചത്. ഓരോ സീസണിലും തുടര്‍ച്ചയായി വിജയിച്ച് മലപ്പുറം ജില്ല എലൈറ്റ് ഡിവിഷനിലേക്ക് യോഗ്യത നേടുകയാണ് ക്ലബിന്റെ പ്രഥമ ലക്ഷ്യമെന്ന് സെക്രട്ടറി മുഹമ്മദ് നസ്നീന് പറയുന്നു. നിരവധി യുവതാരങ്ങള്‍ നാട്ടില്‍ നിന്ന് വളര്‍ന്നുവരുന്നു. അവര്‍ക്ക് കളിക്കാനും വളരാനും അവസരം ഒരുക്കാനും ക്ലബ് മുന്നിലുണ്ടാകുമെന്നും നസ്നീന് സൂചിപ്പിച്ചു. ഏഴ് ടീമുകള്‍ പങ്കെടുക്കുന്ന ജി ഡിവിഷനില്‍ ഒരു റൗണ്ട് മത്സരം കഴിയുമ്പോള്‍ തെരട്ടമ്മല്‍ ടീം ഒന്നാം സ്ഥാനത്താണ്.