രാത്രികാല പോസ്റ്റുമോര്‍ട്ടം നിര്‍ത്തലാക്കുന്നതിനെതിരേ വ്യാപക പ്രതിഷേധം
1482493
Wednesday, November 27, 2024 6:04 AM IST
മഞ്ചേരി: സംസ്ഥാനത്ത് ആദ്യമായി രാത്രികാല പോസ്റ്റുമോര്‍ട്ടത്തിന് അനുമതി ലഭിച്ചത് മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളജിനാണ്. എന്നാല്‍ ഈ അനുമതി ഉപയോഗപ്പെടുത്താന്‍ പലപ്പോഴും മെഡിക്കല്‍ കോളജിന് സാധിച്ചിരുന്നില്ല. ഇതിനിടയിലാണ് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ തന്നെ രാത്രികാല പോസ്റ്റുമോര്ട്ടത്തിനെതിരേ വകുപ്പ് മന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്. ജനോപകാരപ്രദമായ തീരുമാനത്തിന് ഡോക്ടര്‍മാര്‍ തുരങ്കംവയ്ക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
രാത്രികാല പോസ്റ്റുമോര്‍ട്ടം അപകടമരണ വേളകളില്‍ ബന്ധുക്കള്‍ക്ക് ഏറെ ആശ്വാസകരമാണെന്നും നിലവിലെ രീതി തുടരണമെന്നും മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് കബീര്‍ നെല്ലിക്കുത്ത്, ജനറല്‍ സെക്രട്ടറി കെ.കെ.ബി. മുഹമ്മദാലി, ട്രഷറര്‍ സക്കീര്‍ വല്ലാഞ്ചിറ, ഭാരവാഹികളായ കെ.പി. ഉമ്മര്‍, എം.എം. സൈതലവി, സലീം മണ്ണിശേരി, ഹുസൈന് പുല്ലഞ്ചേരി, അഡ്വ.യു.എ. അമീര്‍ എന്നിവര്‍ പ്രസംഗിച്ചു.രാത്രികാല പോസ്റ്റുമോര്‍ട്ടം നടത്തുന്നതിനായി ഫോറന്‍സിക് വിഭാഗത്തില്‍ കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കണമെന്ന് മുനിസിപ്പല്‍ യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
ഇക്കാര്യം ചൂണ്ടിക്കാട്ടി ആശുപത്രി സൂപ്രണ്ടിന് നിവേദനം നല്കി. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി എംഎല്‍എ ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ അനുവദിക്കുകയും പ്രവൃത്തി ആരംഭിക്കുകയും ചെയ്തു. രാത്രി എട്ട് വരെയുള്ള പോസ്റ്റുമോര്‍ട്ടം മുടങ്ങാതിരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. മുനിസിപ്പല്‍ പ്രസിഡന്റ് യാഷിക് മേച്ചേരി, ജനറല്‍ സെക്രട്ടറി ബാവ കൊടക്കാടന്‍, ട്രഷറര്‍ ഹനീഫ താണിപ്പാറ എന്നിവര്‍ നേതൃത്വം നല്കി.
മഞ്ചേരി: മെഡിക്കല്‍ കോളജിലെ രാത്രികാലത്തു നടത്തുന്ന പോസ്റ്റുമോര്‍ട്ടത്തിന് തടസം വരുന്ന രീതിയില്‍ ചില മേഖലകളില്‍ നിന്നുമുള്ള ഇടപെടലുകള്‍ ജനദ്രോഹപരമാകുമെന്നും ഇത്തരം നീക്കത്തില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്മാറണമെന്നും സിപിഎം ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.
മഞ്ചേരി മെഡിക്കല്‍ കോളജിലെ രാത്രികാല പോസ്റ്റുമോര്‍ട്ടം നിര്ത്തിവയ്ക്കുന്നതിനെതിരേ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മഞ്ചേരി മുനിസിപ്പല്‍ യൂണിറ്റ് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന് കത്ത് നല്കി. വ്യാപാരി വ്യവസായി ഏകോപന സമിതി മുനിസിപ്പല്‍ കമ്മറ്റിക്കുവേണ്ടി ജനറല്‍ സെക്രട്ടറി സക്കീര്‍ ഹുസൈന്, ട്രഷറര്‍ സലിം അല്‍താഫ്, ഭാരവാഹികളായ സഹീര്‍ കോര്‍മത്ത്, എ.എം. മുഹമ്മദാലി, കെ.ടി. കമറുദ്ദീന്, അബ്ദുള്‍ റസാഖ്, ഷരീഫ് എന്നിവര്‍ ചേർന്നാണ് കത്ത് കൈമാറിയത്.