രാജാങ്കണത്തില്‍ കലയുടെ ഉത്സവത്തിന് തിരിതെളിഞ്ഞു
1482485
Wednesday, November 27, 2024 6:04 AM IST
കോട്ടയ്ക്കല്‍: കൗമാര കലാവസന്തത്തിന് തുടക്കമായി 35-ാമത് മലപ്പുറം റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം കോട്ടയ്ക്കല്‍ ഗവണ്മെന്റ് രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്രധാന വേദിയായ "രാജാങ്കണ’ത്തില്‍ ആബിദ് ഹുസൈന് തങ്ങള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കോട്ടയ്ക്കല്‍ നഗരസഭാ അധ്യക്ഷ ഡോ. കെ. ഹനീഷ അധ്യക്ഷത വഹിച്ചു.
ജില്ലാ കളക്ടര്‍ വി.ആര്. വിനോദ് വിശിഷ്ടാതിഥിയായിരുന്നു. ജനപ്രതിനിധികളായ നസീബ അസീസ് മയ്യേരി, സി. മുഹമ്മദലി, ബഷീര്‍ രണ്ടത്താണി, ടി.പി.എം. ബഷീര്‍, വി.കെ.എം. ഷാഫി, കെ.ടി. അഷ്റഫ്, മറിയാമു പുതുക്കുടി, പി.ടി. അബ്ദുള്‍ നാസര്‍, ടി. കബീര്‍, സനില പ്രവീണ്‍, ഗോപിനാഥന് കോട്ടുവരമ്പില്, കെ.പി. അബ്ദുള്‍ റാഷിദ്, എം. ഹനീഫ, കെ. ദിനേഷ്, യു. രാഗിണി, കലാ-സാംസ്കാരിക-പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രമുഖര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മലപ്പുറം ആര്‍ഡിഡി ഡോ. പി.എം. അനില്‍ കലോത്സവ സന്ദേശം നല്കി. കലോത്സവ ലോഗോ രൂപകല്‍പ്പന ചെയ്ത കെ. സുനില്‍കുമാര്‍, റോളിംഗ് ട്രോഫി രൂപകല്‍പ്പന ചെയ്ത ഷിബു സിഗ്നേച്ചര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.പി. രമേഷ്കുമാര്‍ സ്വാഗതവും സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ വി.കെ അബ്ദുനാസര്‍ നന്ദിയും പറഞ്ഞു.
ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് എസ്എസ്കെയുടെ നേതൃത്വത്തില്‍ ഭിന്നശേഷി കുട്ടികളുടെ സ്വാഗതനൃത്തവും ആതിഥേയ വിദ്യാലയത്തിന്റെ "മരവും കുട്ടിയും' സംഗീത ശില്പവും അരങ്ങേറി. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ വിവിധ സ്കൂളുകളിലെ അധ്യാപകര്‍ സ്വാഗതഗാനം ആലപിച്ചു.
കോട്ടയ്ക്കല്‍ രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും കോട്ടൂര്‍ എകെഎം ഹയര്‍ സെക്കന്‍ഡറി സ്കൂളിലുമായി 30 വരെയാണ് കലാമേള അരങ്ങേറുന്നത്. 315 ഇനങ്ങളിലായി പതിനായിരത്തിലധികം വിദ്യാര്‍ഥികളാണ് ജില്ലാ കലാമേളയില്‍ മാറ്റുരയ്ക്കുന്നത്. മൂന്ന് ഹാളുകള്‍ ഉള്‍പ്പെടെ 16 വേദികളാണ് മത്സരത്തിനായി ഒരുക്കിയിട്ടുള്ളത്.