യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പെരിന്തല്‍മണ്ണ നഗരസഭ ഉപരോധിച്ചു
1482492
Wednesday, November 27, 2024 6:04 AM IST
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗരസഭ നാലുവര്‍ഷം മുമ്പ് ഉദ്ഘാടനം ചെയ്ത ഫ്ലാറ്റ് സമുച്ചയത്തിലെ ദുരിതങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ മുനിസിപ്പാലിറ്റി ഉപരോധിച്ചു. 250ലേറെ പേരാണ് ഫ്ലാറ്റില്‍ താമസിക്കുന്നത്. ഇവിടെ പടര്‍ന്നുകൊണ്ടിരിക്കുന്ന മഞ്ഞപ്പിത്തം, മലമ്പനി, ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ തടയണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു.
നഗരസഭയിലെ ഒട്ടുമിക്ക റോഡുകളും തകര്‍ന്നുകിടക്കുകയാണ്. ഈ റോഡുകള്‍ ഉടന്‍ ഗതാഗതയോഗ്യമാക്കണമെന്നും അശാസ്ത്രീയമായ വാര്‍ഡ് വിഭജനം പുനഃപരിശോധിക്കണമെന്നും നഗരസഭയുടെ ടൗണ്‍ഹാള്‍ നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിക്കണമെന്നും ആവശ്യപ്പെട്ടു. അതുപോലെ ആയുര്‍വേദ ആശുപത്രി ഉടന്‍ പൂര്‍ത്തീകരിക്കണമെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. ഉപരോധ സമരം കെപിസിസി സെക്രട്ടറി വി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് പച്ചീരി ഫാറൂഖ് അധ്യക്ഷത വഹിച്ചു.
മുനിസിപ്പല്‍ യുഡിഎഫ് ചെയര്മാന് രാജേന്ദ്രന്, കണ്‍വീനര്‍ നാലകത്ത് ബഷീര്‍, പത്തത്ത് ജാഫര്‍, മുഹമ്മദ് സുനില്‍, താമരത്ത് സലിം എന്നിവര്‍ പ്രസംഗിച്ചു. കൗണ്‍സിലര്‍മാരായ കൃഷ്ണപ്രിയ, ഹുസൈന നാസര്‍, ശ്രീജിഷ, ജതേഷ്, തെസ്നി അക്ബര്‍, തെസ്നീമ, സജിന ഷൈജല്‍, നിഷ സുബൈര്‍, ഹുസൈന് റിയാസ്, യുഡിഎഫ് പ്രവര്‍ത്തകരായ കൂരിയാടന്‍ കുഞ്ഞിമുഹമ്മദ്, അക്ബര്‍, ഫിറോസ്, തെക്കത്ത് ഉസ്മാന് എന്നിവര്‍ പങ്കെടുത്തു.