കാറിലെത്തിയ സംഘം യുവാവിനെ പരിക്കേല്‍പ്പിച്ചു
1461180
Tuesday, October 15, 2024 1:44 AM IST
ചങ്ങരംകുളം: പന്താവൂര്‍ സ്വദേശിയായി യുവാവിനെ കാറിലെത്തിയ സംഘം അക്രമിച്ച് പരിക്കേല്പിച്ചതായി പരാതി. പന്താവൂര്‍ കാങ്കപ്പറമ്പില്‍ അബുസാലിഹി(38)നെയാണ് അക്രമിച്ച് ഗുരുതര പരിക്കേല്‍പ്പിച്ചത്. ഇടത് കൈക്കും ചെവിക്കും പരിക്കേറ്റ സാലിഹിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീടിന് സമീപത്തെ മതില് പൊളിച്ചതുമായി ബന്ധപ്പെട്ട് കക്കിടിപ്പുറം സ്വദേശിയുമായി നിലനിന്നിരുന്ന തര്‍ക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. ജൂലൈയില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ വെള്ളം കയറിയ വീട്ടില്‍ അസുഖബാധിതയായ വയോധിക മരിച്ചിരുന്നു. മൃതദേഹം പുറത്തേക്ക് എടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ നാട്ടുകാരും പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് ഇവരുടെ വീടിന് സമീപത്തെ മതിലിന്റെ ഒരു ഭാഗം പൊളിച്ച് വെള്ളം ഒഴുക്കി കളഞ്ഞാണ് മൃതദേഹം സംസ്കരിക്കാനായി കൊണ്ടുപോയത്. ഈ സംഭവത്തില്‍ പൊളിച്ച മതില് ഉള്‍പ്പെടുന്ന സ്ഥലത്തിന്റെ ഉടമ അക്രമത്തിനിരയായ അബുസാലിഹിന്റെ സഹോദരിയുടെയും മക്കളുടെയും പേരില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു.
പഞ്ചായത്തും നാട്ടുകാരും ചേര്‍ന്ന് മതില് പൊളിച്ചതിന് തന്റെ സഹോദരിക്കും മക്കള്‍ക്കും എതിരേ കേസ് കൊടുത്തതിനെ അബുസാലിഹ് ചോദ്യം ചെയ്യുകയും ഇത് സ്ഥലത്തിന്റെ ഉടമയുമായി വാക്ക് തര്‍ക്കത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമാണ് അക്രമത്തിന് പിന്നിലെന്നാണ് നിഗമനം. സംഭവത്തില്‍ ചങ്ങരംകുളം പോലീസ് യുവാവിന്റെ മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചു.