പെരിന്തല്‍മണ്ണയില്‍ തുമ്പൂര്‍മുഴി മോഡല്‍ കമ്പോസ്റ്റ് യൂണിറ്റ്
1458587
Thursday, October 3, 2024 4:01 AM IST
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗരസഭ, ഖരമാലിന്യ സംസ്കരണ പ്ലാന്റില്‍ നിര്‍മിച്ച തുമ്പൂര്‍മുഴി മോഡല്‍ എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റിന്റെ ഉദ്ഘാടനം നഗരസഭ ചെയര്മാന് പി. ഷാജി നിര്‍വഹിച്ചു.
വൈസ് ചെയര്‍പേഴ്സണ്‍ എ. നസീറ അധ്യക്ഷയായിരുന്നു. "സ്വച്ഛത ഹി സേവ 2024’ "മാലിന്യമുക്തം നവകേരളം’ തുടങ്ങിയ കാമ്പയിന്റെ ഭാഗമായാണ് തുമ്പൂര്‍മുഴി കമ്പോസ്റ്റ് പ്രവര്‍ത്തനസജ്ജമാക്കിയത്. നഗര മാലിന്യ സംസ്കരണത്തില്‍ പ്രയാസം അനുഭവിക്കുന്ന കരിയില ഉള്‍പ്പെടെ സംസ്കരിക്കുന്നതിന് സഹായകരമാകുന്ന സംവിധാനമാണ് യൂണിറ്റ്. 18.4 ലക്ഷം രൂപ വകയിരുത്തിയാണ് കമ്പോസ്റ്റ് യൂണിറ്റ് സ്ഥാപിച്ചത്.
1.2 മീറ്റര്‍നീളവും വീതിയും പൊക്കവും അളവിലുള്ള ഫെറോസിമെന്റ് ടെക്നോളജിയോടെ അഞ്ച് യൂണിറ്റോട് കൂടിയ പത്ത് അറകളുള്ള പ്രതിദിനം ആയിരംകിലോ ജൈവമാലിന്യം സംസ്കരിക്കാന്‍ കഴിയുന്ന തുമ്പൂര്‍മുഴി പ്ലാന്റാണിത്.
പരിസ്ഥിതി സൗഹൃദ പദ്ധതിയാണ്. വായു കടക്കുന്ന അഥവാ എയ്റോബിക് രീതിയിലുള്ള പദ്ധതിയായതിനാല്‍ കമ്പോസ്റ്റിംഗ് നിര്‍മാണ പരിസരത്ത് ദുര്‍ഗന്ധവും ഉണ്ടാകുന്നില്ല. പരിപാടിയില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ അമ്പിളി മനോജ്, കെ. ഉണ്ണികൃഷ്ണന്, മുണ്ടുമ്മല്‍ മുഹമ്മദ് ഹനീഫ, മന്‍സൂര്‍ നെച്ചിയില്‍, കൗണ്‍സിലര്‍മാര്‍,
നഗരസഭാ സെക്രട്ടറി ജി. മിത്രന്, ക്ലീന്‍സിറ്റി മാനേജര്‍ സി.കെ. വത്സന്, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, വ്യാപാരി വ്യവസായി സമിതി പ്രതിനിധി സലാം ഗള്‍ഫ് ഓണ്‍, പെരിന്തല്‍മണ്ണ മര്‍ച്ചന്റ് അസോസിയേഷന് പ്രതിനിധി പി.ടി.എസ്. മൂസു, ഹരിത കര്‍മ സേനാംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.